ഫാൻസി നമ്പറുകൾ സ്വന്തമാക്കാൻ വാഹന പ്രേമികളുടെ ഒഴുക്കായിരുന്നു അൽ ഹബ്തൂർ സിറ്റിയിലെ ഹിൽടൻ ദുബായിൽ. അവസരമൊരുക്കിയത് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യും. ഈ ലേലത്തിൽ 6.55കോടി ദിർഹമാണ് ആർടിഎ സമാഹരിച്ചത്.
90 നമ്പർ പ്ലേറ്റുകളായിരുന്നു 115ാമത് ലേലത്തിൽ വിൽപനക്ക് വെച്ചിരുന്നത്. കഴിഞ്ഞ ലേലത്തേക്കാൾ 28 ശതമാനം കൂടുതൽ വിൽപനയാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുമുണ്ട്. രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളിലെ ഫാൻസി നമ്പറുകളായിരുന്നു ലേലത്തിലെ പ്രധാന താരം.
നമ്പർ പ്ലേറ്റ് ലേലത്തിലെ താരം എ.എ16 എന്ന നമ്പറാണ്. ഏറ്റവും കൂടുതൽ തുക നേടി ഈ നമ്പർ പ്ലേറ്റ് ഒരാൾ സ്വന്തമാക്കി. 73.32ലക്ഷം ദിർഹമിനാണ് പ്ലേറ്റ് വിറ്റുപോയത് എന്ന് കേട്ടാൽ ആരുമൊന്ന് ഞെട്ടിപ്പോകും, തീർച്ച. എ.എ69 എന്ന നമ്പർ 60ലക്ഷം ദിർഹമും എ.എ999 എന്നത് 40.5ലക്ഷവും നേടി തൊട്ട് പിന്നിൽ തന്നെ ഉണ്ടായിരുന്നു.