ഒമ്പത് വർഷത്തിന് ശേഷം സൗദി എയർ കരിപ്പൂരിലേക്ക് തിരിച്ചെത്തുന്നു. 2015ൽ റൺവേ നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങൾക്ക് നിയന്ത്രണം വന്നതാണ് സൗദി എയർ കരിപ്പൂർ വിടാൻ കാരണമായത്.
സൗദി എയർലൈൻസ് മടങ്ങിയെത്തുന്നതോടെ എമിറേറ്റ്സ് എയർ, ഒമാൻ എയർ എന്നിവയും മടങ്ങിയെത്തിയേക്കുമെന്ന ആശ്വാസത്തിലാണ് പ്രവാസികൾ. ഒക്ടോബർ 27ന് സർവീസ് പുനരാരംഭിക്കാനാണ് സൗദി എയറിന്റെ നീക്കം. ആഴ്ചയിൽ ഏഴു സർവീസുകളുണ്ടാകും. കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്ടറിലാണിത്.
ജിദ്ദയിലേക്ക് ആഴ്ചയിൽ നാലും റിയാദിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളുണ്ടാകും. നവംബർ അവസാനത്തോടെ സർവീസുകൾ പതിനൊന്നായി ഉയർത്താനും പദ്ധതിയുണ്ട്. കോഡ് ഇ വിഭാഗത്തിൽപ്പെടുന്ന വലിയ വിമാനമാണ് സർവീസുകൾക്ക് ഉപയോഗിക്കുക. 36 ബിസിനസ് ക്ലാസ് സീറ്റുകളും 298 ഇക്കണോമി സീറ്റുകളുമാണുണ്ടാകുക. നിലവിൽ ബെംഗളൂരു, ചെന്നൈ, കൊച്ചി, മുംബൈ, തിരുവനന്തപുരം, ഡൽഹി, ഹൈദരാബാദ്, ലഖ്നൗ വിമാനത്താവളങ്ങളിലേക്ക് സൗദി എയർലൈൻസ് സർവീസ് നടത്തുന്നുണ്ട്.