അത്യാധുനിക സംവിധാനങ്ങളോടെ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് നിർമിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ദുബായ് എന്നറിയാമല്ലോ. സിറ്റിക്കുള്ളിലെ ഒരു സിറ്റി…..അങ്ങനെയാണ് അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് (DWC) പൂർത്തിയാക്കാൻ ഒരുങ്ങുന്നത്.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ട്വീറ്റിൽ പുതിയ പാസഞ്ചർ ടെർമിനലിൻ്റെ രൂപകൽപന കഴിഞ്ഞ മാസം അവസാനത്തോടെ പ്രഖ്യാപിച്ചപ്പോഴാണ് എയർപോർട്ടിന്റെ പ്രാരംഭ ഫോട്ടോഗ്രാഫുകൾ ആദ്യമായി പുറത്തുവന്നു തുടങ്ങിയത്
DWC-യിലെ പുതിയ പാസഞ്ചർ ടെർമിനലിൻ്റെ രൂപകൽപ്പന ചെയ്യുന്ന ദുബായ് ഏവിയേഷൻ എഞ്ചിനീയറിംഗ് പ്രോജക്ട്സ് (DAEP), ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം എങ്ങനെയായിരിക്കുമെന്നതിൻ്റെ കൂടുതൽ വിശദമായ പ്രിവ്യൂ 23-ാമത് എയർപോർട്ട് ഷോയിൽ പുറത്തുവിട്ടു. മോണോ റെയിൽ, മിനി- ഫോറസ്റ്റ്, ഗ്രീൻ സോണുകൾ, എന്റെർടെയ്മെന്റ് ഹബ്ബ് തുടങ്ങിയ നിരവധി സവിഷേതകളാണ് വിമനാത്താവളത്തിനുള്ളിൽ നിർമ്മിക്കാൻ ഒരുങ്ങുന്നത്. “യാത്രക്കാർക്ക് ഏറ്റവും നന്നായി ആസ്വദിക്കാനാവുന്ന വിധത്തിലാണ് DWC രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന്,” DAEP പുറതതുവിട്ട രണ്ടര മിനിറ്റ് വീഡിയോയിൽ വ്യക്തമാക്കുന്നു.
പാസഞ്ചർ ടെർമിനലുകളിൽ മരങ്ങൾ അണിനിരക്കും. യാത്രക്കാർക്ക് വിശ്രമിക്കുന്ന ഒരു ഇൻഡോർ ട്രോപ്പിക്കൽ ഗാർഡൻ ഉൾപ്പെടെ വിശാലമായ ഗ്രീൻ സോണുകൾ ഉണ്ടാകും. നിർമ്മാണം പൂർത്തിയാകുമ്പോൾ, DWC നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തേക്കാൾ (DXB) അഞ്ചിരട്ടി വലുതായിരിക്കും. ഡിപ്പാർച്ചർ ഗേറ്റിൽ പ്രവേശിക്കുമ്പോൾ ക്യൂ ഒഴിവാക്കാനുള്ള ആധുനിക മുഖം തിരിച്ചറിയൽ പോലുള്ള, വ്യോമയാന മേഖലയിൽ ഒരിക്കലും ഉപയോഗിക്കാത്ത സാങ്കേതികവിദ്യകളും പുതിയ വിമാനത്താവളത്തിൽ ഉപയോഗിക്കും. സൗത്ത് ദുബായ് പദ്ധതിയുടെ ഭാഗമായിട്ടാണ് നിലവിലുള്ള വിമാനത്താവളത്തിൽ പുതിയ ടെർമനിലുകൾ വരുന്നത്. തെക്കൻ ദുബായിൽ ജബർ അലി തുറമുഖത്തിനും ദുബായ് എക്സ്പോ വേദിക്കും അടുത്തായിട്ടാണ് വിമാനത്താവളം വരിക. പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനുണ്ടാവുക. ലോകത്തെ ഏറ്റവും വലിയ വിമാനത്താവളവും തിരക്കേറിയ തുറമുഖവും കൊണ്ട് ദുബായുടെ അടുത്ത നാൽപ്പത് വർഷത്തെ വികസനത്തിന് കൂടിയാണ് ദുബായ് ഭരണകൂടം അടിത്തറ പാകുന്നത്. വിമാനത്താവളത്തിനൊപ്പം ഒരു ആഗോള നഗരമായി ഈ മേഖല മാറും.