പ്രവാസി വ്യപാര പ്രമുഖനും ചലച്ചിത്ര നിര്‍മ്മാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. എണ്‍പത് വയസ്സായിരുന്നു.
ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സ നല്കി വരവെ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് മരണം. ഭാര്യ ഇന്ദിരാ രാമചന്ദ്രനും , മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും മരണസമയം ഒപ്പമുണ്ടായിരുന്നു. ഏറെക്കാലമായി ദുബായില്‍ ആയിരുന്നു താമസം. തൃശൂര്‍ സ്വദേശിയാണ്.
അറ്റ്ലസ് ജുവല്ലറി, ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം എന്ന സ്വന്തം സ്ഥാപനത്തിന്റെ പരസ്യവാചകത്തിലൂടെയാണ് അറ്റ്ലസ് രാമചന്ദ്രന് മലയാളികളുടെ പ്രിയങ്കരനായത്. നിരവധി സിനിമകളുടെ നിര്‍മ്മാതാവായ അദ്ദേഹം ചില സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളും ചെയ്തിട്ടുണ്ട്.
പ്രവാസി ബിസിനസ് രംഗത്തെ പ്രമുഖനായ അറ്റ്ലസ് രാമചന്ദ്രനെ തികഞ്ഞ മനുഷ്യസ്നേഹിയായാണ് മലയാളികൾ വിലയിരുത്തുന്നത്. കമ്പനിയുടെ സാമ്പത്തിക ബാധ്യതകളുടെ പേരില്‍ നിയമനടപടികൾ നേരിടുകയും ചെയര്‍മാനായിരുന്ന രാമചന്ദ്രന് യുഎഇയില്‍ തടവിലാകുകയും ചെയ്തതോടെ അറ്റ്ലസ് സാമ്രാജ്യത്തിന് മങ്ങലേറ്റു. 55 കോടി ദിര്‍ഹത്തിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ 2015 ഓഗസ്റ്റില്‍ അറ്റ്ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
2018ല്‍ മോചിതനായ ശേഷം ശേഷം പുതിയ സംരംഭങ്ങൾ ആരംഭിക്കാന്‍ ശ്രമങ്ങൾ നടത്തിവരവെയാണ് മരണം. ഇതിനിടെ ജുവല്ലറി ശാഖകളും ആസ്തികളും വിറ്റൊഴിഞ്ഞ് ബാധ്യതകൾ എല്ലാം തീര്‍ത്തിരുന്നു. കഷ്ടപ്പെട്ടുണ്ടായ ആസ്തികൾ കുറഞ്ഞ വിലയില്‍ വിറ്റൊഴിയേണ്ടി വന്നത് ദുഃഖിപ്പിക്കുന്നതായി അഭിമുഖങ്ങളില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ദുര്‍ഘട സമയങ്ങളിലും മലയാളികൾ ഒപ്പം നിന്ന മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സൗമ്യ വ്യക്തിത്വമായിരുന്നു അറ്റ്ലസ് രാമചന്ദ്രന്. എപ്പോഴും നിറപുഞ്ചിരിയുമായാണ് അദ്ദേഹത്തെ പൊതുവേദിയില്‍ കാണാവുക. ഫീനിക്സ് പക്ഷിയെപ്പോലെ തിരികെവരുമെന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഏറെപ്പേരെ പ്രചോദിപ്പിച്ചിരുന്നു. കലയേയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനും എന്നും മുന്നില്‍നിന്ന വ്യക്തിത്വമാണ്.
വൈശാലി, ധനം, സുകൃതം, വാസ്തുഹാര, എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾ നിര്‍മ്മിച്ചിട്ടുണ്ട്. ആനന്ദഭൈരവി, അറബിക്കഥ, മലബാര്‍ വെഡ്ഡിംഗ്, തത്വമസി, ബോംബെ മിഠായി, ബാല്യകാല സഖി എന്നീ ചിത്രങ്ങളിലാണ് അഭിനേതാവായത്.