ജന്മം തന്ന അച്ഛനെ ഒരു നോക്ക് കാണണം. 15 വയസുകാരി ഹെലന്റെ ആഗ്രഹമായിരുന്നു അത്. അച്ഛൻ നാട്ടിലേക്ക് എത്തുന്ന തീയതിയും കുറിച്ച് കാത്തിരിക്കുമ്പോഴാണ് ഇടുത്തീ പോലെ ആ വാർത്ത ഹെലന്റെ കാതിൽ തുളച്ചു കയറിയത്. ഇനി അച്ഛൻ ജീവനോടെ വരില്ല!!!!
ഹെലന് രണ്ടര വയസ്സുള്ളപ്പോഴാണ് അവളുടെ അച്ഛൻ ജോലിക്കായി സൗദി അറേബ്യയിലേക്ക് പോയത്. രണ്ടര വയസ്സുള്ള കുഞ്ഞിന് എന്തറിയാം. അച്ഛനെ മുഖം നേരിട്ട് കണ്ടിട്ടുള്ള ഓർമ്മ അവൾക്കില്ല. ഫോണിലൂടെയുള്ള ശബ്ദവും പിന്നീട് വീഡിയോ കോളിലൂടെയും മാത്രം കണ്ട പപ്പ.
പള്ളിപ്പാട് പുല്ലമ്പട തയ്യിൽ വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ മകൻ ഷിജുവാണ് (49) സൗദിയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. 12 വർഷം മുൻപാണ് ജോലി തേടി ഷിജു സൗദിയിൽ എത്തിയത്. സ്പോൺസറുടെ പെട്ടെന്നുള്ള മരണം ഷിജുവിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി.
രേഖകളെല്ലാം തിരികെ കിട്ടാൻ കാലതാമസമെടുത്തു. വിവിധ കമ്പനികളിൽ ജോലി ചെയ്തെങ്കിലും വർക്ക് പെർമിറ്റ് (ഇഖാമ) ലഭിക്കാത്തതിനാൽ നാട്ടിലേക്ക് വരാൻ കഴിഞ്ഞില്ല. 12 വർഷമായി നടത്തുന്ന നാടണയാനുള്ള പരിശ്രമത്തിനിടിയൊണ് വിധി മരണത്തിന്റെ രൂപത്തിൽ തട്ടിയെടുത്തത്.
ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം. മൃതദേഹം ജുബൈലിലെ ജനറൽ ആശുപത്രി മോർച്ചറിയിലാണ്. ഈ മാസം നാലിനാണ് ഷിജു അവസാനമായി നാട്ടിലേക്ക് വിളിച്ചത്. നാട്ടിലേക്ക് എത്താനാവാതെ വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിൽ വീട് മാത്രമാണ് ആകെ സമ്പാദ്യം.