ഖുർആനിലും പ്രവാചക വചനങ്ങളിലും പരാമർശിക്കപ്പെട്ട ചെടികളും മരങ്ങളുമെല്ലാം തഴച്ചുവളർന്ന് തണലൊരുക്കുന്ന ഒരിടമുണ്ട് ഖത്തറിൽ. ഖത്തർ ഫൗണ്ടേഷനു കീഴിൽ എജുക്കേഷൻ സിറ്റിയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഖുർആനിക് ബൊട്ടാണിക്കൽ ഗാർഡൻ. ലോകമെങ്ങുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ഈ ബൊട്ടാണികൽ ഗാർഡനെ തേടി ഇപ്പോൾ ഒരു വലിയ നേട്ടമെത്തിയിരിക്കുകയാണ്. അപൂർവ സസ്യങ്ങളെ സംരക്ഷിക്കുന്ന മികവുറ്റ പരിപാലനത്തിന് ബൊട്ടാണിക്കൽ ഗാർഡൻസ് കൺസർവേഷൻ ഇൻറർനാഷനലിന്റെ (ബി.ജി.സി.ഐ) അക്രഡിറ്റേഷൻ സ്വന്തമാക്കി തലയെടുപ്പോടെ നിൽക്കുകയാണ് ക്യൂ.ബി.ജി.
മിഡിൽ ഈസ്റ്റിലെ രണ്ടാമത്തെയും ഖത്തറിലെ ആദ്യത്തെയും അക്രഡിറ്റേഷൻ നേട്ടമാണിത്. വൈവിധ്യമാർച്ച ചെടികളുടെ സംരക്ഷണത്തിനായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ ഖത്തർ ഖുർആനിക് ബൊട്ടാണിക്കൽ ഗാർഡൽ പാലിക്കുന്നതായും വിലയിരുത്തുന്നുണ്ട്. സസ്യവിഭവങ്ങളുടെ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം തേടിയെത്തിയത് അഭിമാനകരമെന്ന് ക്യൂ.ബി.ജി ഡയറക്ടർ ഫാത്തിമ അൽ ഖുലൈഫി പറഞ്ഞു. സസ്യ സംരക്ഷണത്തിനും വിദ്യാഭ്യാസ, സാങ്കേതിക മികവിനുമുള്ള അംഗീകാരം എന്നതിനേക്കാൾ പ്രകൃതിയുടെയും ജൈവ വൈവിധ്യങ്ങളുടെയും പ്രധാന്യം തലമുറകളിലേക്ക് പകരുന്നതിനുള്ള പ്രാധാന്യം കൂടിയാണ് പുരസ്കാരമെന്ന് അവർ അഭിമാനത്തോടെ പറഞ്ഞു.
ഖുർആനിൽ പ്രയോഗിച്ച പേര്, അവയുടെ ഇംഗ്ലീഷ് നാമം, ശാസ്ത്രീയ നാമം, ഉപയോഗം, ഖുർആനിൽ പരാമർശിക്കാനുണ്ടായ സാഹചര്യം തുടങ്ങി നിരവധി വിവരങ്ങൾക്കൊപ്പമാണ് തോട്ടം ഒരുക്കിയത്. മരുഭൂമിയിലും ശീതോഷ്ണ, ഉഷ്ണ മേഖലകളിൽ വളരുന്നത് ഉൾപ്പെടെയുള്ള ചെറുതും വലുതുമായ ആറായിരത്തിലേറെ ചെടികളും മരങ്ങളും ബൊട്ടാണിക്കൽ ഗാർഡനിൽ ഇന്ന് അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ്. എല്ലാ കാലങ്ങളിലും സന്ദർശകരുടെയും പ്രധാന കേന്ദ്രമായ ഗാർഡനിൽ ഇനി പുരസ്കാരത്തിളക്കത്തിന്റെ പുത്തൻ ഉണർവ് കൂടിയുണ്ടാവും.