അബുദാബി പോലീസിനെ നിരത്തിൽ കണ്ടപ്പോൾ ചില ഡ്രൈവർമാർ ഒന്നു പകച്ചു പോയി. ട്രാഫിക് ഫൈൻ ടിക്കറ്റുകൾ നൽകാനാണോ എന്ന്. എന്നാൽ ഡ്രൈവർമാരുടെ ഊഹം തെറ്റി. ട്രാഫിക് ഫൈൻ ടിക്കറ്റുകൾ നൽകാനല്ല – മറിച്ച് അവർക്ക് സൗജന്യ പെട്രോൾ കാർഡുകൾ നൽകാനാണ് അബുദാബിയിലെ പോലീസ് ഡ്രൈവർമാരെ സമീപിച്ചത്.
അറബ് ട്രാഫിക് വാരത്തിനായുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ഡ്രൈവർമാർക്ക് സമ്മാനം നൽകാൻ അബുദാബിയിലെ ഹാപ്പിനസ് പട്രോൾ ഓഫീസർമാർ വീണ്ടും റോഡിലിറങ്ങിയത്. ആളുകളുടെ സുരക്ഷയ്ക്ക് ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പോലീസ് പറഞ്ഞു. നിയമങ്ങൾ പാലിക്കാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം സംരംഭങ്ങൾ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. റോഡുകളിലെ നല്ല പെരുമാറ്റം ഗതാഗതസുരക്ഷ വർധിപ്പിക്കുമെന്ന സന്ദേശമാണ് അധികൃതർ നൽകുന്നത്.
അഡ്നോക് പെട്രോൾ കാർഡുകൾക്ക് പുറമേ, നല്ല ഡ്രൈവർമാർക്ക് റോഡ് സുരക്ഷയെക്കുറിച്ചുള്ള സമ്മാനങ്ങളും ബ്രോഷറുകളും നൽകിയതായി സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെൻ്റ് വിഭാഗം മേധാവി ലഫ്റ്റനൻ്റ് കേണൽ നാസർ അബ്ദുല്ല അൽ സാദി പറഞ്ഞു. മെയ് 10 വരെയാണ് അറബ് ട്രാഫിക് വീക്ക് നീണ്ടുനിൽക്കുന്നത്.