ഫുജൈറയിലെ പർവതനിരകൾക്ക് സമീപം ജനവാസ മേഖലയിൽ കണ്ട കാട്ടുപൂച്ചയെ അധികൃതർ പിടികൂടി . പൂച്ചയുടെ ദൃശ്യങ്ങൾ വൈറലായതോടെ ഫുജേറ പരസ്ഥിതി അതോറിറ്റി പ്രവർത്തകർ പ്രത്യേക സംഘങ്ങളായി കാട്ടുപൂച്ചയെ കണ്ടെത്താൻ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് പൂച്ചയെ കണ്ടെത്തിയത്.
അനുമതിയില്ലാതെ വീട്ടിൽ വളർത്തിയിരുന്ന കാട്ടുപൂച്ചയാണിതെന്നും അധികൃതർ കണ്ടെത്തി. പൂച്ചയുടെ ഉടമയിൽ നിന്ന് വൻ തുക പിഴ ഈടാക്കുകയും ചെയ്തു. എന്നാൽ ഇതേപ്പറ്റിയുളള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
യുഎഇ നിയമം അനുസരിച്ച് രജിസ്ട്രേഷൻ കൂടാതെ അപകടകരമായ മൃഗത്തെ വളർത്തുകയോ വ്യാപാരം നടത്തുകയോ ചെയ്താൽ 10,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴ ഈടാക്കാനാകും.
View this post on Instagram
ഹജർ പർവതനിരകൾ കാട്ടുപൂച്ചകളുടെ അധിവാസ കേന്ദ്രമാണ്. ഇരയെ പിടിക്കാൻ വായുവിലേക്ക് 10 അടി ദൂരേക്ക് ചാടാനും മറ്റും കഴിയുന്ന മൃഗമാണിത്. രാജ്യത്തെ ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്ന നിയമം ശക്തമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.