വിശ്രമ സമയങ്ങൾ ആനന്ദകരമാക്കാൻ ഇനി കൂടുതൽ അവസരം. ദുബായിൽ ഈ വർഷം പുതിയതായി 30ലധികം പാർക്കുകൾ കൂടി നിർമ്മിക്കും. ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ആരംഭിച്ച അറേബ്യൻ ട്രാവൽ മാർട്ടിൻ്റെ (എടിഎം) ആദ്യ ദിനത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. നാല് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനം ലോകമെമ്പാടുമുള്ള ട്രാവൽ, ടൂറിസം മേഖലയിലെ വിദഗ്ധരെ ആകർഷിക്കുന്നതാണ്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ദുബായിൽ ആരംഭിക്കുന്ന പാർക്കുകളുടെ എണ്ണം 70 കടക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക്ക്സ് ആൻഡ് റിക്രിയേഷണൽ ഫെസിലിറ്റീസ് വിഭാഗം മേധാവി അഹമ്മദ് ഇബ്രാഹിം അൽസറൂനി പറഞ്ഞു. ദുബായിൽ 190-ലധികം പാർക്കുകളാണ് നിലവിലുള്ളത്. വിശ്രമസ്ഥലങ്ങൾ, സ്‌പോർട്‌സ് മൈതാനങ്ങൾ, കുട്ടികൾക്കും നിശ്ചയദാർഢ്യമുള്ള ആളുകൾക്കുമുള്ള കളിസ്ഥലങ്ങൾ എന്നിങ്ങനെ നിരവധി സൗകര്യങ്ങളും സേവനങ്ങളുമുള്ള പാർക്കുകളാണുള്ളത്.
ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ അനുസരിച്ച് വിനോദ മേഖലകൾക്കും പാർക്കുകൾക്കുമായി മാറ്റിവെച്ചിരിക്കുന്ന പ്രദേശങ്ങൾ വർധിപ്പിക്കും. നിലവിലുള്ള എല്ലാ പാർക്കുകളും കുട്ടികളുടെയും ആ പ്രദേശത്ത് താമസിക്കുന്നവരുടെയും കായിക താത്പര്യങ്ങൾക്ക് അനുസരിച്ച് നിർമ്മിച്ചവയല്ല. എന്നാൽ വരും വർഷങ്ങളിൽ നിർമ്മിക്കുന്നവ അത്തരത്തിൽ ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ തുടങ്ങി ജനങ്ങളുടെ താത്പര്യങ്ങൾ ഉൾക്കൊള്ളുന്നവയാകുമെന്നും അൽസറൂനി പറഞ്ഞു.