കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അവിവാഹിതയായ 22 കാരി കുറ്റം സമ്മതിച്ചു. യുവതി ഗർഭിണിയാണെന്ന കാര്യം അറിഞ്ഞില്ലെന്നാണ് മാതാപിതാക്കളുടെ മൊഴി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് പ്രസവം നടന്നത്. ശുചിമുറിയിൽ വച്ചായിരുന്നു പ്രസവം. തനിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും യുവതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. യുവതി പീഡനത്തിരയായി എന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
കസ്റ്റഡിയിലെടുത്ത യുവതിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. കുഞ്ഞ് ജനിച്ചപ്പോൾ ജീവനുണ്ടായിരുന്നോ എന്ന് ഇപ്പോൾ ഉറപ്പിക്കാനാകില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് പറഞ്ഞു.
രാവിലെ എട്ട് മണി കഴിഞ്ഞതോടെയാണ് റോഡിൽ മൃതദേഹം കണ്ടത്. ഫ്ലാറ്റിൽ നിന്ന് തുണിക്കെട്ട് വലിച്ചെറിയുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുമുണ്ടായിരുന്നു. പിന്നാലെ പൊലീസ് ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്. കുഞ്ഞിനെ പൊതിയാനുപയോഗിച്ച കൊറിയർ കവറിലെ വിലാസമാണ് അന്വേഷണത്തിൽ നിർണായകമായത്. മൃതദേഹം കവറിലാക്കിസമീപത്തെ മാലിന്യകൂമ്പാരം ലക്ഷ്യമാക്കിയാണ് എറിഞ്ഞത്. എന്നാൽ ഉന്നം തെറ്റി കവർ റോഡിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഫ്ലാറ്റിലുണ്ടായിരുന്ന അച്ഛനേയും അമ്മയെയും മകളേയുമാണ് കസ്റ്റഡിയിലെടുത്തത്. 15 വർഷമായി ഫ്ലാറ്റിൽ താമസിക്കുകയാണിവർ. ഡിസിപി കെ സുദർശൻ്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.