കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി എട്ട് വരെ തുടരും. രാജ്യത്തെ 21 വയസ്സ് പൂര്‍ത്തിയായ 7.95 ലക്ഷം പൗരന്‍മാര്‍ക്കാണ് സമ്മദിദാനാവകാശം. വോട്ടര്‍മാരില്‍ 51.2 ശതമാനം വനികളുമുണ്ട്.
അഞ്ച് പാര്‍ലമെന്‍റ് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. 305 പേരാണ് മത്സര രംഗത്തുളളത്. ഓരോ മണ്ഡലത്തില്‍നിന്നും പത്ത് പേര്‍വീതം തെരഞ്ഞെടുക്കപ്പെടും. അതേസമയം പിരിച്ചുവിടുപ്പെട്ട പാര്‍ലമെന്‍റിലെ അംഗങ്ങൾ മത്സരരംഗത്തുളളത് തെരഞ്ഞെടുപ്പ് പോരാട്ടം വാശിയേറിയതാക്കുന്നു.
കുവൈറ്റില്‍ രാഷ്ട്രീയ അസ്ഥിരത തുടരുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തെരഞ്ഞെടുപ്പാണിത്. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്‍റെ നേതൃത്വത്തില്‍ സർക്കാരും പാർലമെന്റും തമ്മില്‍ തർക്കങ്ങൾ രൂക്ഷമായതോടെ കഴിഞ്ഞ ജൂണില്‍ കുവൈറ്റ് അമീര്‍ പാര്‍ലമെന്‍റ് പിരിച്ചുവിടുകയായിരുന്നു.
2022 ജൂലെയില്‍ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് അഹമ്മജ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് ചുമതലയേറ്റതോടെയാണ് പുതിയ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്. രാജ്യത്ത് പത്ത് വർഷത്തിനിടെ നടക്കുന്ന ആറാമത്തെ തിരഞ്ഞെടുപ്പാണിത്.
ഒരുമാസം നീണ്ട പ്രചാരണങ്ങൾക്ക് ഒടുവിലാണ് കുവൈറ്റ് ഇന്ന് പോളിംഗ് ബൂത്തിലേത്തുന്നത്. വന്‍ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് രാഷ്ട്രീയ സുസ്ഥിരത എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്ഥാനാര്‍ത്ഥികൾ വോട്ട് തേടിയത്. ഇന്ന് രാത്രിതന്നെ ഫലപ്രഖ്യാപനവും ഉണ്ടായേക്കും.