ആരോഗ്യമേഖലയിൽ വലിയ മുന്നേറ്റവുമായി ഒമാൻ. രാജ്യത്തെ ആദ്യത്തെ നൂതന പേസ് മേക്കർ ഇംപ്ലാന്റേഷനാണ് വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. റോയൽ ഹോസ്‌പിറ്റലിലെ നാഷണൽ സെൻ്റർ ഫോർ കാർഡിയാക് മെഡിസിൻ ആന്റ് സർജറി വിഭാഗത്തിലെ മൂന്ന് രോഗികളുടെ ഇടത് ഹൃദയ ഞരമ്പിലാണ് പേസ് മേക്കർ ഘടിപ്പിച്ചിരിക്കുന്നത്. ഒമാനിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നത്.
ഹൃദ്രോഗ രോഗികൾക്ക് മികച്ച പരിചരണം നൽകുന്നതിന് സഹായകരമായ നൂതന സാങ്കേതികവിദ്യയാണ് പേസ് മേക്കർ ഇംപ്ലാന്റേഷൻ. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രോഗികൾക്ക് മികച്ച ആരോഗ്യപരിചരണം നൽകാനുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ് രാജ്യത്ത് ഇപ്പോൾ ഈ ശസ്ത്രക്രിയ നടത്തിയത്. കൂടുതൽ ഫലപ്രദവും സങ്കീർണ്ണത കുറഞ്ഞതുമായ ഈ ശസ്ത്രക്രിയാ രീതി വരും വർഷങ്ങളിൽ ഒമാനിലെ വിവിധ ആശുപത്രികളിൽ സജീവമാകുമെന്നാണ് റിപ്പോർട്ട്.
മുകളിലെ വെൻട്രിക്കുലാർ സെപ്റ്റത്തിൽ ഘടിപ്പിച്ച പേസ്മേക്കർ കേബിൾ ഇടത് നാഡി ബണ്ടിലിൽ തിരുകുകയും തുടർന്ന് ചർമ്മത്തിന് കീഴിലുള്ള പേസ്മേക്കർ ഉപകരണവുമായി ബന്ധിപ്പിക്കുകയുമാണ് ഇതുവഴി ചെയ്യുന്നത്. ഇപ്പോൾ പേസ് മേക്കർ ഘടിപ്പിച്ചിരിക്കുന്ന മൂന്ന് രോഗികളുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി അധികൃതർ വ്യക്തമാക്കി.