പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.പോപ്പുലർ ഫ്രണ്ടിനൊപ്പം ക്യാമ്പസ് ഫ്രണ്ട്, വിമൻസ് ഫ്രണ്ട് തുടങ്ങി പോഷക സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.
കുറച്ചുദിവസങ്ങളായി രാജ്യത്ത് വിവിധയിടങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയും ഇഡിയും നടത്തിയ റെയ്ഡുകൾക്ക് ശേഷം നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. തീവ്രവാദ സംഘടന എന്നാവും പോപ്പുലർ ഫ്രണ്ട് ഇനി അറിയപ്പെടുക.
ഭീകര സംഘടനകളെ നിരോധിക്കുമ്പോൾ ആദ്യം അഞ്ച് വർഷത്തേക്കാണ് നടപടി. പിന്നീട് അത് ട്രിബ്യൂണലിൽ പുനഃപരിശോധിക്കണം എന്നാണ് നിയമം. അൽ ഖ്വയ്ദ അടക്കമുള്ള സംഘടനകളിൽ നിന്ന് സഹായം സ്വീകരിച്ചതായി അന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നു. ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നും രാജ്യത്ത് കൂട്ടായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചുവെന്നുമാണ് റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകളുടെ രീതിയിലാണ് പ്രവർത്തനമെന്നും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘടന പരിശീലനം നടത്താൻ ക്യാമ്പുകൾ നടത്തിയതായും ആരോപണമുണ്ട്. സംഘടന ഏറെ വ്യാപിച്ചതിനാൽ ഇപ്പോൾ നിരോധിച്ചില്ലെങ്കിൽ അത് ദേശീയോദ്ഗ്രഥനത്തിനു തടസമാവും എന്നും എൻഐഎ, ഇഡി തുടങ്ങിയ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നു.