കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പെയ്ത ശക്തമായ മഴയിൽ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ വലിയ രീതിയിലുള്ള നാശ നഷ്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. യുഎഇയിലും ഒമാനിലും എൺപത് ശതമാനത്തിലധികവും ജന വാസ കേന്ദ്രങ്ങൾ താഴ്ന്ന പ്രദേശങ്ങളിലായതിനാൽ ശക്തമായ മഴയുണ്ടായാൽ അവിടങ്ങളിൽ വലിയ വെള്ളക്കെട്ടുകളുണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യം പരിഗണിച്ച് ഭാവിയിൽ മഴയുണ്ടായാൽ നേരിടുന്നതിനായി ദീർഘകാല ഹ്രസ്വകാല പദ്ധതികൾക്കായി സജീവമായ ചർച്ചകൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
റോഡുകളുടെയും പാലങ്ങളുടെയും ബിൽഡിങ്ങുകളുടെയും അടിസ്ഥാന സൗകര്യ വികസന പരിപാടികൾ, ഒരു മഴക്കെടുതിയുണ്ടായാൽ അടിയന്തിരമായി നേരിടുന്നതിനുള്ള സാങ്കേതിക പദ്ധതികൾ തുടങ്ങിയവയാണ് അധികൃതരുടെ മുന്നിൽ സജീവമായ ചർച്ചക്ക് വന്നിരിക്കുന്നത്. യൂഎഇ യിൽ ഇക്കഴിഞ്ഞ മഴക്കെടുതിമൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചത് ഷാർജയാണ്. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ നിന്നും അവിടെ പ്രത്യേക പദ്ധതികൾക്ക് രൂപം കൊടുക്കാൻ ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ ഒരു പദ്ധതി സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
250 മില്ലി മീറ്റർ മഴയാണ് ഒറ്റ ദിവസം കൊണ്ട് യുഎഇ യിൽ ലഭിച്ചത്. ഏതൊരു സാഹചര്യത്തിലും സജീവമായ രക്ഷാ പ്രവർത്തനം അടിയന്തിരമായി നടത്താൻ വേണ്ട പദ്ധതികളാണ് ഇപ്പോൾ അധികൃതരുടെ ആലോചനയിലുള്ളത്. മാത്രമല്ല, വ്യാപാര മേഖലകളിലുള്ളവരുടെ സംരക്ഷണവും ഇൻഷുറൻസും ഉറപ്പുവരുത്തുന്ന കാര്യവും മന്ത്രാലയങ്ങൾ ചർച്ച ചെയ്യുകയാണ്.
അതേസമയം, സാധാരണ ജനങ്ങൾക്ക് അവശ്യ സാധനങ്ങളും മറ്റു നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യ സുരക്ഷയടക്കമുള്ള കാര്യങ്ങളെക്കുറിച്ചും ബന്ധപ്പെട്ട ഡിപ്പാർട്മെന്റുകളും ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. മഴ ഇനിയും ഉണ്ടാകാനുള്ള സാധ്യതകൾ മനസ്സിലാക്കി കൊണ്ടാണ് സമഗ്രമായ മഴക്കെടുതി പരിപാടികൾക്ക് ഗൾഫ് രാജ്യങ്ങൾ പ്രത്യേകിച്ച് യൂ എ ഇ യും ഒമാനും രൂപം നൽകാൻ ഒരുങ്ങുന്നത്.