ജനസംഖ്യാകണക്കെടുപ്പിന് തുടക്കമിട്ട് ഷാര്‍ജ. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്റ് വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് കണക്കെടുപ്പ്. യു കൗണ്ട്’ എന്ന പേരിലുള്ള സെന്‍സെസില്‍ ഷാര്‍ജ എമിറേറ്റിലെ താമസക്കാരായ സ്വദേശികളുടേയും വിദേശികളുടേയും വിവരങ്ങൾ ശേഖരിക്കും.
താമസക്കാരുടെ ഒപ്പമുളള കുടുംബാംഗങ്ങൾ, ജീവിത സാഹചര്യങ്ങള്‍, തൊഴില്‍ നില, വിദ്യാഭ്യാസം തുടങ്ങി സുപ്രധാന വിവരങ്ങൾ വിശദമാക്കണമെന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഫോമുകള്‍ പൂരിപ്പിക്കാന്‍ ആവശ്യപ്പെടും. ഇതിന്‍റെ ഭാഗമായി വെബ്‌സൈറ്റോ ആപ്പോ ദിവസത്തിനകം തയാറാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.
കെട്ടിടങ്ങള്‍, ഉടമസ്ഥാവകാശം, വാടക, ബിസിനസുകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ചോദിച്ചറിയും. ആളുകളുടെ അക്കാദമിക് ബിരുദങ്ങള്‍, തൊഴില്‍ നില എന്നിവയും രേഖപ്പെടുത്തും. ഷാര്‍ജയിലെ പൗരന്മാര്‍ എമിറേറ്റില്‍ താമസിച്ചാലും ഇല്ലെങ്കിലും സെന്‍സസില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. വിവാഹ മോചിതരും വിധവകളും വിവരങ്ങൾ കൈമാറണം.
2023 മാര്‍ച്ച് മാസത്തിനകം കണക്കെടുപ്പ് പൂര്‍ത്തിയാക്കും. ഏകീകൃത ഡാറ്റാ സംവിധാനം വഴി ഷാര്‍ജ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും ഓപ്പണ്‍ ഡാറ്റാ പ്ലാറ്റ്‌ഫോമുകളിലും പൊതു ജനങ്ങള്‍ക്ക് വിവരങ്ങൾ ലഭ്യമാകും വിധം പ്രസിദ്ധീകരിക്കും.
2015ലെ കണക്കെടുപ്പ് അനുസരിത്ത് പതിനാല് ലക്ഷം പേരാണ് എമിറേറ്റില്‍ വസിക്കുന്നത്. ഇതില്‍ 13 ശതമാനത്തില്‍ താഴെ മാത്രമാണ് സ്വദേശി പൗരന്‍മാര്‍. ജനസംഖ്യയുടെ 87 ശതമാനം പ്രവാസികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എമിറേറ്റിന്‍റെ നയരൂപീകരണത്തിലും അടിസ്ഥാന വികസനത്തിലും സുപ്രധാന വഴികാട്ടിയാകും പുതിയ കണക്കെടുപ്പെന്നാണ് വിലയിരുത്തല്‍.