ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ദുബായിൽ ആറ് സ്ട്രീറ്റുകളിൽ പ്രത്യേക ബസ്, ടാക്സി പാതകൾ പ്രഖ്യാപിച്ചു. ഈ പുതിയ പാതകൾ വരുന്നതോടെ ചില റൂട്ടുകളിൽ ബസ്സുകളും ടാക്സികളും വഴിയുള്ള യാത്രാ സമയം ഏകദേശം 60 ശതമാനം കുറയും.
ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, ഡിസംബർ 2, അൽ സത്വ, അൽ നഹ്ദ, ഒമർ ബിൻ അൽ ഖത്താബ്, നായിഫ് എന്നീ ആറ് പ്രധാന സ്ട്രീറ്റുകളിലൂടെ 13 കിലോമീറ്ററിലധികം നീളുന്നതാണ് പുതിയ പാതകൾ.
ദുബായിൽ നിലവിൽ 7 കിലോമീറ്റർ ദൈർഘ്യമുള്ള പ്രത്യേക പാതകളുണ്ട്. ഖാലിദ് ബിൻ അൽ വലീദ് റോഡിലുള്ളതും ഇതിൽ ഉൾപ്പെടുന്നു. നായിഫ്, ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, അൽ ഗുബൈബ സ്ട്രീറ്റുകളുടെ ഭാഗങ്ങളിൽ അധിക പാതകൾ ചേർത്തിരുന്നു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണക്കനുസരിച്ച്, പദ്ധതിയുടെ മുൻ ഘട്ടങ്ങളിൽ ചില റൂട്ടുകളിലെ ബസുകളുടെ ട്രിപ്പ് സമയം ഓരോ ബസിനും അഞ്ച് മിനിറ്റ് കുറച്ചിരുന്നു.
2025-നും 2027-നും ഇടയിൽ ഈ പാതകളുടെ നിർമ്മാണം പൂർത്തിയാകും, ഇതോടെ ദുബായുടെ സമർപ്പിത ബസ് പാതകളുടെ ശൃംഖല 20 കിലോമീറ്ററിലധികം വ്യാപിപ്പിക്കും. പാതകൾ നീട്ടുന്നതോടെ ചില റോഡുകളിൽ പൊതുഗതാഗത ഉപയോഗം 30 ശതമാനം വരെ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ കൂടുതൽആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതി പൂർത്തിയാകുന്നതോടെ ദുബായിലെ ബസ് പാതകളുടെ മൊത്തംനീളം 20 കിലോമീറ്ററിൽ കൂടുതലാകും. ബസ്സുകൾക്കുമാത്രം അനുവദനീയമായ ചുവപ്പുപാതകളിൽ വാഹനമോടിക്കുന്നവർക്ക് 600 ദിർഹം പിഴചുമത്തുമെന്ന് ആർ.ടി.എ.ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.