ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷനത്തിന് അര്‍ഹയാണ് ആശാ പരേഖ്.
1952ല്‍ ബാലതാരമായിട്ടാണ് ആശാ പരേഖ് സിനിമയുടെ ഭാഗമാകുന്നത്. ആസ്മാന് എന്നായിരുന്നു ആദ്യ ചിത്രത്തിന്റെ പേര്. 1959 മുതല്‍ 1973 വരെയുള്ള കാലഘട്ടത്തില്‍ നിരവധി ഹിന്ദി സൂപ്പര്‍ഹിറ്റ് ചലച്ചിത്രങ്ങളില്‍ നായികയായി. 1959ല്‍ നസീര്‍ ഹുസൈന് സംവിധാനം ചെയ്ത ദില്‍ ദേഖൊ ദേഖൊ എന്ന ചിത്രത്തില്‍ ഷമ്മി കപൂറിന്റെ നായികയായി അഭിനയിച്ചത് വലിയ സ്വീകാര്യത നേടി.
ഗുജറാത്ത് സ്വദേശിനിയാണ് ആശാ പരേഖ്. നിരവധി ഗുജറാത്തി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1998 മുതല്‍ 2001 വരെ ഇന്ത്യന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷയായിരുന്നു. ഇന്ത്യന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയും ആശാ പരേഖാണ്. ടെലിവിഷന്‍ പരമ്പരകളും ആശാ പരേഖ് സംവിധാനം ചെയ്തിട്ടുണ്ട്.
ആശാ ഭോസ്ലെ, ഹേമ മാലിനി, പൂനം ഡില്ലണ്‍, ടി.എസ് നാഗഭരണ, ഉദിത് നാരായണ്‍ എന്നിവരടങ്ങിയ ജൂറി പാനലാണ് പുരസ്കാരത്തിനായി ആശാ പരേഖിനെ തെരഞ്ഞെടുത്തത്. പുരസ്കാരം വെള്ളിയാഴ്ച രാഷ്ട്രപതി വിതരണം ചെയ്യും. നേരത്തെ രാജ്യം പദ്മശ്രീ നല്കി ആശാ പരേഖിനെ ആദരിച്ചിട്ടുണ്ട്.