ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ ജയ് ഗണേഷ് സിനിമ ഗൾഫ് മേഖലയിലും പ്രദർശനത്തിന്. ജയ് ഗണേഷ് എന്ന പേര് ഗൾഫ് മേഖലയിലെ പ്രദർശനത്തിന് തടസ്സമല്ലെന്നും റിലീസിനോട് അനുബന്ധിച്ച് അണിയറ പ്രവർത്തകർ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആറ് ഗൾഫ് രാജ്യങ്ങളിലായി 91 തിയേറ്ററുകളിൽ സിനിമ പ്രദർശനത്തിനെത്തും.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ മതത്തെയോ പിന്തുണയ്ക്കുന്ന ഒരു ഡയലോഗ് പോലും ജയ് ഗണേഷ് സിനിമയിൽ ഇല്ലെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞു. ഒരു സിനിമയുടെ പേരിൽ എല്ലാ സിനിമയേയും വിധിയെഴുതരുതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
സൂപ്പർതാരങ്ങൾക്ക് പോലും രാഷ്ട്രമുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രി ക്ഷണിച്ച പരിപാടിയിൽ പോയി പങ്കുടുക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
സൂപ്പർ ഹീറോ ചിത്രങ്ങളുടെ പാത പിന്തുടർന്നാണ് ജയ് ഗണേഷ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ രഞ്ജിത് ശങ്കറും പ്രതികരിച്ചു. സൗഹൃദവും പ്രണയവും ത്രില്ലുറും ഇഴചേർന്ന സിനിമ കുട്ടികൾക്കും ഏറെ ഇഷ്ടപ്പെടുന്നതാണ്.ബൈക്ക് അപകടത്തെത്തുടർന്ന് വീൽചെയറിലായ യുവാവ് മനകരുത്തുകൊണ്ട് വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്നതാണ് സിനിമയുടെ ഇതിവൃത്തം.
നടനെന്ന നിലയിൽ ഉണ്ണിമുകുന്ദൻ്റെ വേറിട്ട പ്രകടനമാണ് സിനിമയിലുളളത്. ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ഡ്രീംസ് എൻ ബിയോണ്ടിൻ്റേയും ബാനറിൽ ഉണ്ണി മുകുന്ദനും രഞ്ജിത്തും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സിനിമിയുടെ വിജയാഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു.