ശക്തമായ മഴയേത്തുടർന്ന് പ്രവർത്തനം താറുമാറായ ദുബായ് വിമാനത്താവളം ഇന്ന് പൂർവ്വ സ്ഥിതിയിലേയ്ക്ക് മടങ്ങും. എമിറേറ്റ്സ്, ഫ്ളൈ ദുബായ് വിമാനങ്ങൾ സർവീസ് പുനഃരാരംഭിക്കുകയും ചെക്ക് ഇൻ ആരംഭിക്കുകയും ചെയ്തതോടെ വലിയ തിരക്കാണ് ഇന്നലെ രാത്രി മുതൽ ദുബായ് വിമാനത്താവളത്തിൽ അനുഭവപ്പെടുന്നത്.
ദുബായ് വിമാനത്താവളത്തിൻ്റെ ടെർമിനൽ ഒന്നിലാണ് ഇന്നലെ മുതൽ വിമാനങ്ങൾ ഇറങ്ങിത്തുടങ്ങിയത്. അതോടൊപ്പം ടെർമിനൽ മൂന്നിൽ ചെക്ക് ഇൻ നടപടികളും ആരംഭിച്ചിരുന്നു. വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി കൺഫേംഡ് ടിക്കറ്റുള്ളവർ മാത്രം എയർപോർട്ടിൽ എത്തിയാൽ മതിയെന്നാണ് ദുബായ്, ഷാർജ വിമാനത്താവളങ്ങൾ നിർദേശം നൽകിയിരിക്കുന്നത്. സർവീസുകൾ പുനഃരാരംഭിച്ചെങ്കിലും പല വിമാനങ്ങളും വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഷാർജ വിമാനത്താവളത്തിൽ നിന്ന് എയർ അറേബ്യ വിമാനങ്ങളും ഇന്നലെ പുലർച്ചെ മുതൽ സർവീസ് ആരംഭിച്ചിരുന്നു. ഇന്ന് വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ ഗതിയിൽ കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങളെല്ലാം നടത്തിവരുന്നതായും അധികൃതർ വ്യക്തമാക്കി.