യുഎഇയിലെ അതിശക്തമായ മഴ തുടരുകയാണ്. ഇതിനിടെ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു. മഴയേത്തുടർന്ന് ദുബായിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളാലാണ് ഇരു റൂട്ടുകളിലേയ്ക്കുമുള്ള സർവീസ് നിർത്തിയത്.
രണ്ട് ദിവസങ്ങളായി പെയ്യുന്ന മഴയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബായ് മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്‌ലൈനിൽ യുഎഇ എക്സ്ചേഞ്ച് മുതൽ ഇൻ്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്നും റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു.
ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയത് കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ്. ഇന്നും മഴ തുടരുമെന്നതിനാൽ സ്കൂളുകളിൽ ഇന്നും ഓൺലൈൻ പഠനമാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരുമെന്നാണ് വിലയിരുത്തൽ.