യുഎഇയിൽ കനത്ത മഴ തുടരുന്നു. കാലാവസ്ഥ വളരെ മോശമായതിനാൽ യുഎഇയുടെ മിക്ക ഭാഗങ്ങളിലും ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടങ്ങൾ സംഭവിക്കാതിരിക്കാൻ അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി താമസക്കാരോട് ആവശ്യപ്പെട്ടു.
കടുത്ത കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങൾ അതോറിറ്റിയുടെ എക്‌സ് പ്ലാറ്റ്ഫോമിലൂടെ പുറത്തു വിട്ടിട്ടുണ്ട്. ഓറഞ്ച് അലേർട്ട് നൽകിയിട്ടുള്ള ഏരിയകളിലെ താമസക്കാർ ജാഗ്രത പാലിക്കണം എന്നാണ് സൂചിപ്പിക്കുന്നത്. അതേസമയം യെല്ലോ അലേർട്ട് ഏരിയകൾക്ക് താരതമ്യേന നേരിയ സാഹചര്യങ്ങൾ നേരിടേണ്ടി വന്നേക്കാം. തിങ്കളാഴ്ച രാത്രി മുതൽ രാജ്യത്ത് ഇടിയും മിന്നലോടും കൂടിയ മഴ തുടരുകയാണ്.
അസ്ഥിരമായ കാലാവസ്ഥ തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ യുഎഇയെ ബാധിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. അതുകൊണ്ട് തന്നെ യുഎഇയിലെ സർക്കാർ ജീവനക്കാരോട് ബുധനാഴ്ചയും വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
മാത്രമല്ല, രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്കും സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികൾക്കും ദുബായ് വിദൂര പ്രവർത്തന കാലയളവ് നീട്ടിയിട്ടുമുണ്ട്. ജീവനക്കാരെ വർക്ക് ഫ്രം ഹോമായി ജോലി ചെയ്യാൻ അനുവദിക്കണമെന്ന് സ്വകാര്യ മേഖലയിലെ കമ്പനികളോട് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. ഷാർജയിലെ ഫെഡറൽ ജീവനക്കാർക്കും ബുധനാഴ്ച വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അതോറിറ്റി നിർദ്ദേശം നൽകി. രണ്ട് എമിറേറ്റുകളിലെയും പൊതു, സ്വകാര്യ സ്‌കൂളുകൾ ബുധനാഴ്ച ഓൺലൈൻ ക്ലാസുകൾ നടത്തും.