അസ്ഥിരമായ കാലാവസ്ഥയേത്തുടർന്ന് ദുബായ് മെട്രോയുടെ ഇന്നത്തെ പ്രവർത്തന സമയം നീട്ടി. പുലർച്ചെ 3 മണി വരെ (ബുധനാഴ്ച) മെട്രോയുടെ പ്രവർത്തനം നീട്ടുമെന്നാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചത്.
രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയിൽ ജനങ്ങൾക്ക് സുഗമമായ യാത്ര ഒരുക്കുന്നതിനായാണ് മെട്രോയുടെ സമയം നീട്ടിയത്. സാധാരണയായി വെള്ളിയാഴ്ചകൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി 12 മണിക്കാണ് മെട്രോയുടെ സർവ്വീസ് അവസാനിപ്പിക്കുക. എന്നാൽ ഇപ്പോൾ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ആരംഭിച്ച സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് സമയത്തിൽ മാറ്റം വരുത്തിയത്.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ആരംഭിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിൽ തീവ്രമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട്, സായിദ് ഇൻ്റർനാഷണൽ എയർപോർട്ട്, അൽ ബത്തീൻ എയർപോർട്ട്, ഷാർജ, ഫുജൈറ വിമാനത്താവളങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിലെല്ലാം മഴയും ഇടിമിന്നലുണ്ടായതായി അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.