വിശ്വാസികൾ നോമ്പ് നോറ്റ് കാത്തിരുന്ന ചെറിയ പെരുന്നാൾ വന്നെത്തി. പെരുന്നാളിന്റെ നാല് ദിവസങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കി കതാറ കൾച്ചറൽ വില്ലേജ്. വൈകുന്നേരം മൂന്ന് മണി മുതൽ രാത്രി ഒമ്പതു മണി വരെ നീളുന്ന വിവിധ വേദികളിൽ 50 പരിപാടികളാണ് കതാറ കൾച്ചറൽ വില്ലേജ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സി.ഇ.ഒ ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈത്തി അറിയിച്ചു. കതാറ കോർണിഷ്, വിസ്ഡം സ്ക്വയർ എന്നിവിടങ്ങളിലാണ് പെരുന്നാൾ ആഘോഷ പരിപാടികൾ അരങ്ങേറുക. ഈദിനെ വരവേൽക്കാൻ കതാറയുടെ സകല ഇടങ്ങളും ഒരുങ്ങിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
കുടുംബ സൗഹൃദ പരിപാടികൾക്കാണ് കതാറ ഊന്നൽ നൽകുന്നത്. അവധി സമയങ്ങളിൽ കുടുംബങ്ങൾ വിനോദത്തിനും വിശ്രമത്തിനുമായി എത്തുന്ന ബീച്ചുകൾ, കുന്നുകൾ, രുചിവൈവിധ്യങ്ങളോടുകൂടിയ റസ്റ്റാറന്റുകൾ, കഫേകൾ തുടങ്ങി കതാറ സാംസ്കാരിക ഗ്രാമത്തിലെ എല്ലാ സൗകര്യങ്ങളും പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കതാറ. കൂടാതെ, സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ ഫിലാറ്റലിക്, ന്യൂമിസ്മാറ്റിക് കേന്ദ്രവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘പൈതൃകം, ചരിത്രം, ആധുനികം’ എന്ന തലക്കെട്ടിലുള്ള പ്രദർശനം ബുധനാഴ്ച ആരംഭിക്കും.
കൂടാതെ, നൂർ അൽ ഹാദിയുടെ സുഡാൻ-ലാൻഡ് ഓഫ് കളേഴ്സ് രണ്ട് പ്രദർശനം ഖത്തർ ഫൈൻ ആർട്സ് അസോസിയേഷൻ ആസ്ഥാനത്ത് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഏപ്രിൽ 20 വരെ നീളുന്ന പ്രദർശനം ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതിയാണ് ഉദ്ഘാടനം ചെയ്തത്. നൂർ അൽ ഹാദീയുടെ പ്രദർശനത്തിന്റെ ആദ്യ പതിപ്പ് വലിയ വിജയമായതിനെ തുടർന്നാണ് വൈവിധ്യങ്ങളുടെ വെല്ലുവിളികൾക്കിടയിലും സുഡാൻ ജനതയുടെ ദേശീയ ഐക്യം വിളംബരം ചെയ്യുന്ന പ്രദർശനം വീണ്ടുമെത്തിയിരിക്കുന്നത്.