ഷാർജ അൽ നഹ്ദയിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരുമുണ്ടെന്ന് റിപ്പോർട്ട്. ബംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയർ മൈക്കിൾ സത്യദാസ്, മുംബൈ സ്വദേശിനി സംറീൻ ബാനു (29) എന്നിവരാണ് മരണപ്പെട്ടത്.
ദുബായ് വേൾഡ് ട്രേഡ് സെൻ്ററിന് കീഴിലെ ഡി.എക്സ്.ബി ലൈവ് എന്ന സ്ഥാപനത്തിൽ സൗണ്ട് എഞ്ചിനീയറായി പ്രവർത്തിച്ചുവരികയായിരുന്നു മരിച്ച സത്യദാസ്. എ.ആർ. റഹ്മാൻ ഉൾപ്പെടെയുള്ളവരുടെ സംഗീത പരിപാടികൾക്ക് സൗണ്ട് എഞ്ചിനീയറായി പ്രവർത്തിച്ചിട്ടുണ്ട്. ദുബായിൽ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു മരിച്ച സംറീൻ ബാനു. സംറീന്റെ ഭർത്താവിനും തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഷാർജ അൽനഹ്ദയിലെ 39 നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ അഞ്ച് പേർ മരിച്ചുവെന്നാണ് പൊലീസിൻ്റെ കണക്ക്. 44 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.