പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു. ആശുപത്രി വിട്ടെങ്കിലും ഡയാലിസിസ് അടക്കമുള്ള ചികിത്സ തുടരാൻ ഡോക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഗുരുതരമായ ശ്വാസ തടസം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം 45 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഓക്സിജൻ അളവ് കുറയുകയും രക്തസമ്മർദം കൂടുകയും ചെയ്തതോടെ വെന്റിലേറ്റർ ഐ.സി.യുവിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു. ഇരു വൃക്കകളുടെയും പ്രവർത്തനം തകരാറിലായതിനെത്തുടർന്ന് നേരത്തേ ഡയാലിസിസ് ചെയ്തിരുന്നതുമാണ്.
എന്നാൽ തുടർച്ചയായി ഡയാലിസിസ് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ പെരിറ്റോണിയൽ ഡയാലിസിസ് ആരംഭിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു മഅദനി.