ഐപിഎല്ലിന്റെ തുടക്കം മുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന താരമാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. കളത്തിലിറങ്ങിയ മത്സരങ്ങളിലെല്ലാം പരാജയം ഏറ്റുവാങ്ങിയതോടെ ഗ്യാലറിയിൽ നിന്ന് സ്ഥിരമായി കളിയാക്കലുകളും കൂകിവിളികളും നേരിടുകയാണ് ഹാർദിക്. ഇത് തടയുന്നതിനായി രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്. ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന മത്സരത്തിൽ ഹാര്‍ദിക് പാണ്ഡ്യയെ കളിയാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് അസോസിയേഷന് വ്യക്തമാക്കിയത്.
രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി ഹാർദിക് പാണ്ഡ്യയെ നായകനാക്കിയതോടെയാണ് ഹാർദിക് ചർച്ചകളിൽ നിറഞ്ഞത്. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിലേയ്ക്ക് കൊണ്ടുവന്ന് ക്യാപ്റ്റനാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. കൂടാതെ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ടീം തോൽക്കുകയും ചെയ്തതോടെ കാണികൾ ഹാർദിക്കിനെ സ്ഥിരം കളിയാക്കാനും കൂകിവിളിക്കാനും തുടങ്ങി. സ്വന്തം മൈതാനത്ത് പോലും കഴിഞ്ഞ ദിവസം കാണികൾ ഹാർദിക്കിനെ കളിയാക്കിയിരുന്നു.
ഡൽഹിയിൽ വെച്ച് നടക്കുന്ന മുംബൈയുടെ മത്സരത്തിൽ ഹാർദിക്കിനോട് മോശമായി പെരുമാറുന്ന കാണികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡിഡിസിഎ പ്രസിഡൻ്റ് രോഹൻ ജയ്റ്റ്ലി വ്യക്തമാക്കി. താരത്തെ ലക്ഷ്യംവെച്ചുനടക്കുന്ന മനപ്പൂർവമായ മോശം പെരുമാറ്റങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ഇത്തരത്തിൽ പെരുമാറുന്ന കാണികളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിച്ച് കടുത്ത നടപടികളിലേയ്ക്ക് കടക്കാനാണ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ 27-ാം തീയതിയാണ് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ച് മുംബൈ ഇന്ത്യൻസ് – ഡൽഹി ക്യാപ്പിറ്റൽസ് മത്സരം നടക്കുക.