പ്രാർത്ഥനയോടെ നോമ്പ് നോറ്റ് ഈദ് അൽ ഫിത്തറിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. ഖത്തറിലെ സർക്കാർ ഓഫിസുകൾ, മന്ത്രാലയങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ ഏപ്രിൽ ഏഴ് മുതൽ ഏപ്രിൽ 15 വരെ ഒമ്പത് ദിവസമാണ് ഇത്തവണ പെരുന്നാൾ അവധിയെന്ന് അമിരി ദിവാൻ അറിയിച്ചു. അതേസമയം വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ഉൾപ്പെടെ 11 ദിവസം പൊതുമേഖലക്ക് അവധിയായിരിക്കും. ഏപ്രിൽ 16 ചൊവ്വാഴ്ചയാണ് സർക്കാർ ഓഫിസുകളും മന്ത്രാലയങ്ങളും വീണ്ടും സജീവമാകുക.
ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളുടെ പെരുന്നാൾ അവധി ഖത്തർ സെൻട്രൽ ബാങ്കായിരിക്കും പ്രഖ്യാപിക്കുക. പതിനൊന്നു ദിവസത്തെ അവധി കുടുംബത്തിനൊപ്പം ആസ്വദിക്കുന്നതിന് വേണ്ടി മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ നാട്ടിലേക്കുള്ള യാത്രയും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഹ്രസ്വകാല അവധിക്കായി നിരവധി പേരാണ് നാട്ടിലേക്കുള്ള വിമാനം കയറുന്നത്. ഏപ്രിൽ പത്തിനായിരിക്കും ഇത്തവണ പെരുന്നാളെന്നാണ് ഖത്തർ കലണ്ടർ ഹൗസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.