ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് ചെറിയ പെരുന്നാളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ഏപ്രിൽ 14 ഞായറാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളി, ശനി, ഞായർ എന്നിവ ഫെഡറൽ ജീവനക്കാർക്ക് ഷാർജയിലെ ഔദ്യോഗിക വാരാന്ത്യ അവധി ദിവസങ്ങളായതിനാൽ ഈദ് അൽ ഫിത്തർ ആഘോഷിക്കാനായി 10 ദിവസത്തെ അവധിയാണ് ലഭിക്കുക. അവധിക്ക് ശേഷം ഏപ്രിൽ 15 തിങ്കളാഴ്ച പ്രവൃത്തി ദിവസങ്ങൾ പുനരാരംഭിക്കും.
ചന്ദ്രൻ്റെ ദർശനം പരിഗണിക്കാതെയാണ് ഏപ്രിൽ 8-ന് ഔദ്യോഗികമായി അവധി നൽകിയിരിക്കുന്നത്. ഇസ്ലാമിക കലണ്ടർ പ്രകാരം ചന്ദ്രനെ കാണുന്നതിന് അനുസരിച്ച് റമദാൻ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. റമദാനിന് ശേഷമുള്ള ശവ്വാൽ മാസമാണ് ഈദ് അൽ ഫിത്തർ ആഘോഷിക്കുന്നത്. ചെറിയ പെരുന്നാളിനോട് അടുക്കുമ്പോൾ ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പൊതു അവധി ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഷാർജയിലെ സർക്കാർ ജീവനക്കാർ.