യുഎഇയിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ ഇനി സൂക്ഷിക്കണം. ഇനി എല്ലാ മത്സ്യങ്ങളെയും പിടിക്കാമെന്ന് വിചാരിച്ചാൽ നടക്കില്ല. ഇന്ന് മുതൽ രണ്ടിനം മത്സ്യങ്ങളെ പിടിക്കുന്നതിന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം നിരോധനം ഏർപ്പെടുത്തി.
ഗോൾഡൻ ട്രെവല്ലി, പെയിന്റഡ് സ്വീറ്റ്ലിപ്സ് എന്നീ മത്സ്യങ്ങളെ പിടിക്കുന്നതാണ് രാജ്യത്ത് നിരോധിച്ചിരിക്കുന്നത്. ഇന്ന് മുതൽ ഏപ്രിൽ 30 വരെയാണ് നിരോധനം നിലനിൽക്കുക. ഇപ്പോൾ ഈ ഇനം മത്സ്യങ്ങളുടെ പ്രജനന കാലമായതിനാലാണ് അധികൃതർ പുതിയ അറിയിപ്പ് നൽകിയത്. എല്ലാ വർഷവും ഇവയുടെ പ്രജനന കാലത്ത് പരിസ്ഥിതി മന്ത്രാലയം മത്സ്യബന്ധനം നിരോധിക്കാറുണ്ട്.
യുഎഇ ജലാശയങ്ങളിലെ മത്സ്യസമ്പത്തിൻ്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുമായി വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനമാണ് നിരോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തെ ബോധവത്കരണ കാമ്പയിനും ആരംഭിച്ചു. നിയമ ലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.