ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപയുടെ നോട്ടീസാണ് നൽകിയത്. സാമ്പത്തിക വർഷം 2017-18 മുതൽ 2020-21 വരെയുള്ള പിഴയും പലിശയും അടങ്ങുന്നതാണ് തുക. കോടതിയിൽ ചോദ്യംചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചു. തെരഞ്ഞെടുപ്പ് കാലത്തെ ആദായ നികുതി വകുപ്പിൻറെ നടപടി ജനാധിപത്യ രീതിക്ക് എതിരാണെന്ന് സോണിയയും രാഹുലും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വിമർശിച്ചിരുന്നു. ആദായനികുതി പുനർനിർണയത്തിലെ കോൺഗ്രസ് ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പുതിയ നടപടി.
2017 മുതൽ 2020 വരെയുള്ള നാല് വർഷത്തെ നികുതി നിർണയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. സമയ പരിധി കഴിഞ്ഞ ശേഷമാണ് ആദായ നികുതി വകുപ്പിന്റെ നടപടി എന്ന കോൺഗ്രസ് വാദം കോടതി അംഗീകരിച്ചില്ല. നേരത്തെ 2014 മുതലുള്ള മൂന്ന് വർഷത്തെ നികുതി നിർണയം ചോദ്യം ചെയ്തുള്ള ഹർജികളും കോടതി തള്ളിയിരുന്നു. ആവശ്യമെങ്കിൽ കോൺഗ്രസിന് വീണ്ടും ആദായ നികുതി അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
2014 മുതൽ 17 വരെയുള്ള കാലത്ത് 520 കോടി നികുതി അടയ്ക്കണമെന്ന് നേരത്തെ കോൺഗ്രസിന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. പുതിയ നോട്ടീസിൽ പറയുന്നത് നികുതിയും പിഴയുമടക്കം 1700 കോടി അടയ്ക്കണമെന്നാണ്. 2020 വരെയുള്ള കാലയളവിലെ നോട്ടീസാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.കേന്ദ്ര സർക്കാരിന്റേത് നീചമായ രാഷ്ട്രീയമെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. ബിജെപിയും നികുതി അടച്ചതിൻറെ കണക്ക് വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസിനെ പാപ്പരാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞ്ഞത്.