റമദാൻ മാസത്തിൽ കാരുണ്യത്തിന്റെ കൈത്താങ്ങായി മാറുകയാണ് ദുബായ്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ റമദാനിൽ സാമൂഹിക ഇടപെടലുകൾ വർധിപ്പിക്കാനായി നിരവധി പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചുവരുന്നത്. റമദാൻ ഹീറോസ്, റമദാൻ നൈറ്റ്സ് എന്നിങ്ങനെ അനവധി പുതിയ സാമൂഹിക സംരംഭങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ദുബായ് കൾച്ചർ ആന്റ് ആർട്സ് അതോറിറ്റി (ദുബായ് കൾച്ചർ).
ജീവകാരുണ്യ പ്രവർത്തനങ്ങൾ, കലാ-സാംസ്കാരിക പരിപാടികൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിവിധ സംരംഭങ്ങൾ ആരംഭിച്ചത്. ‘റമദാൻ ഇൻ ദുബായ്’ എന്ന കാമ്പയിന്റെ അടിസ്ഥാനത്തിലാണ് ദുബായ് കൾച്ചറിൻ്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ നടത്തുന്നത്. എമിറേറ്റ്സ് റെഡ് ക്രസൻ്റ്, തലാബത്ത് യു.എ.ഇ എന്നിവരുടെ സഹകരണത്തോടെ ‘സെലിബ്രേറ്റിങ് ദ ഗിഫ്റ്റ് ഓഫ് ഗിവിങ്’ എന്ന പ്രമേയത്തിലാണ് റംസാൻ ഹീറോസ് സംരംഭം നടപ്പിലാക്കുക. ഇഫ്താർ കിറ്റുകൾ, ഭക്ഷണപ്പൊതികൾ, ഈദ് വസ്ത്രം തുടങ്ങിയ സമ്മാനങ്ങൾ അർഹരായവർക്ക് നൽകാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. തലാബത്ത് യു.എ.ഇയുടെ സ്മാർട്ട് ആപ്പിൽ ഇതിനായി പ്രത്യേകം സൗകര്യവുമൊരുക്കിയിട്ടുണ്ട്.
റംസാൻ നൈറ്റ്സിൻ്റെ ഭാഗമായി ഇത്തിഹാദ് മ്യൂസിയത്തിൽ പ്രദർശനങ്ങളും വിനോദപരിപാടികളും ശില്പശാലകളും നടത്തും. ദുബായ് ആസ്ട്രോണമി ഗ്രൂപ്പ്, ഗൾഫ് ഫോട്ടോ പ്ലസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ അൽ ഷിൻഡഗ മ്യൂസിയത്തിൽ ഞായറാഴ്ച വരെ എമിറാത്തി പൈതൃകവുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന പരിപാടികളും അരങ്ങേറും.