ബുർജ്മാൻ മെട്രോ സ്റ്റേഷനിലൂടെ യാത്ര ചെയ്യുന്നവർക്ക് ഇനി മെട്രോ സ്റ്റേഷൻതന്നെ ഓഫീസാക്കാം. അതിനുള്ള സൗകര്യമൊരുക്കുകയാണ് ദുബായ് ആർ.ടി.എ. ബുർജുമാൻ മെട്രോ സ്റ്റേഷൻ ഉപയോക്താക്കൾക്ക് സ്റ്റേഷനിൽ തന്നെ ജോലി ചെയ്യാൻ കഴിയുമെന്ന് സാരം!
കോ-സ്പേസുകളോടൊപ്പം ‘WO-RK’ എന്ന പേരിൽ ഒരു കോ-വർക്കിംഗ് സ്പെയ്സ് അവതരിപ്പിക്കുകയാണ് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ദുബായിയെ ലോകത്തെ മികച്ച നഗരമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ദുബായ് ഏബൻ പദ്ധതി 2040 ആയി ചേർന്നുനിൽക്കുന്നതാണ് ഇതെന്ന് ആർ.ടി.എ. അറിയിച്ചു.
ഏപ്രിൽ ഒന്നു മുതൽ ഒരു മാസം പരീക്ഷണാടിസ്ഥാനത്തിൽ കോ-വർക്കിങ് ഓഫിസ് സ്പേസ് (വർക്ക്) പദ്ധതി നടപ്പാക്കും. ഇവിടുത്തെ പ്രവർത്തനം വിലയിരുത്തിയശേഷം മറ്റ് പ്രധാന സ്റ്റേഷനുകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ദി കോ സ്പേസസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മെയിൻലാൻഡ് ലൈസൻസുകൾ, ഇജാരി, ബിസിനസ്സ് വിലാസങ്ങൾ എന്നിവ നേടുന്നതിനുള്ള പ്രക്രിയ കാര്യക്ഷമമാക്കിക്കൊണ്ട് അത്യാവശ്യ ബിസിനസ്സ് പിന്തുണാ സേവനങ്ങളും ഇത് നൽകും.