യുഎഇയിൽ ഇന്നും മഴ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പെയ്ത മഴയ്ക്കും ഇടിമിന്നലിനും ശേഷം ഇന്നും മഴ തുടർന്നുകൊണ്ടിരിക്കുകയാണ്. ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാണ് രാജ്യത്തെ മിക്കപ്രദേശങ്ങളിലും നിലനിൽക്കുന്നത്.
ദുബായിലെ ലഹ്ബാബ്, അൽ യുഫ്ര തുടങ്ങിയ പ്രദേശങ്ങളിലും അബുദാബി-അൽ ഐൻ റോഡിലും അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ മറ്റ് ഭാഗങ്ങളിലും ഇന്ന് നേരിയ തോതിൽ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് തോരാതെയുള്ള മഴ പെയ്യാൻ സാധ്യത കുറവാണെന്നും ഇടവിട്ട മഴയ്ക്കാണ് സാധ്യതയെന്നും വിലയിരുത്തുന്നുണ്ട്.
മഴയ്ക്കൊപ്പം രാജ്യത്ത് താപനില ക്രമാതീകമായി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആന്തരിക, പർവത പ്രദേശങ്ങളിൽ താപനില 15 ഡിഗ്രി സെൽഷ്യസായി വരെ കുറയുമെന്നും ആന്തരിക പ്രദേശങ്ങളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ മണൽ കാറ്റിന് സാധ്യതയുള്ളതിനാൽ വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിലുണ്ട്.