ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഹർജി പിൻവലിക്കുകയാണെന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി കോടതിയിയെ അറിയിക്കുകയായിരുന്നു. ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ജസ്റ്റിസുമാരായ എംഎം സുന്ദരേശ്, ബേല ത്രിവേദി എന്നിവരടങ്ങിയ സ്പെഷൽ ബെഞ്ചാണ് എഎപി ഹർജി പരിഗണിച്ചത്.
വിചാരണ കോടതിയിൽ അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. വിചാരണ കോടതി റിമാൻഡ് അടക്കമുള്ള നടപടികളിലേക്ക് പോകാൻ സാധ്യതയുള്ള സാഹചര്യത്തിൽ സുപ്രീംകോടതിയിലെ ഹർജി തുടർന്നിട്ട് കാര്യമില്ലെന്ന നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് ഹർജി പിൻവലിച്ചത്.
രാവിലെ 10.30ന് കോടതി ആരംഭിച്ചപ്പോൾ തന്നെ മനു അഭിഷേക് സിങ്വി ഹർജി ചീഫ് ജസ്റ്റിസിൻറെ ശ്രദ്ധയിൽപ്പെടുത്തി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് സ്പെഷ്യൽ ബെഞ്ച് പെറ്റീഷൻ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കെജ്രിവാളിനെ റിമാൻഡ് ചെയ്യാനുള്ള ആവശ്യം വിചാരണ കോടതിയിൽ ഇഡി ഉന്നയിക്കും. ആ ഹർജിയും സുപ്രീംകോടതിയിലെ ഹർജിയും പരിഗണിക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസം ഒഴിവാക്കാനാണ് ഹർജി പിൻവലിക്കുന്നതെന്നാണ് സിങ്വി കോടതിൽ വ്യക്തമാക്കിയത്. ആവശ്യം ഉന്നയിച്ചാലും ഹൈക്കോടതിയേയോ വിചാരണ കോടതിയേയോ സമീപിക്കാനാവും സുപ്രീം കോടതി പറയുക എന്ന സാധ്യക കൂടി കണക്കിലെടുത്താണ് ഹർജി പിൻവലിക്കാനുള്ള തീരുമാനം. നേരത്തെ, മദ്യനയ കേസിൽ അറസ്റ്റിലായ ബി.ആർ.എസ്. നേതാവ് കവിത നൽകിയ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. ജാമ്യത്തിനായി നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാതെ വിചാരണക്കോടതിയെ സമീപിക്കാൻ കോടതി നിർദേശിച്ചിരുന്നു.