തന്നെ ആദ്യമായല്ല നർത്തകി സത്യഭാമ വ്യക്തിയധിക്ഷേപം നടത്തുന്നതെന്ന് ഡോ. ആൽഎൽവി രാമകൃഷ്ണൻ. മുൻപ് സംസ്ഥാന സർക്കാർ ഓണം വാരാഘോഷത്തിൻറെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ നൃത്തോത്സവത്തിൽ കലാവതരണത്തിന് അനുമതി തേടി അപേക്ഷ അയച്ചതിന് പിന്നാലെ കോ-ഓർഡിനേറ്ററായിരുന്ന സത്യഭാമ ഫോണിൽ വിളിച്ച് തന്നെ അധിക്ഷേപിച്ചുവെന്ന് രാമകൃഷ്ണൻ പറയുന്നു. ‘നിനക്ക് പറ്റിയതല്ല ഇതെന്ന്’ പറഞ്ഞു അവർ അവഹേളിച്ചെന്നും രാമകൃഷ്ണൻ പറഞ്ഞു.
തന്നെ മാത്രമല്ല കറുപ്പിന്റെ പേരിൽ അവർ അവഹേളിച്ചിട്ടുള്ളത്. നന്നായി നൃത്തം അവതരിപ്പിച്ച കുട്ടിക്ക് മികച്ച സ്ഥാനം നൽകാത്തതിൽ മാതാപിതാക്കൾ ചോദ്യം ചെയ്തപ്പോൾ നിങ്ങൾ വെളുത്തിട്ടാണെങ്കിലും മകൾ കറുത്തിട്ടാണെല്ലോ എന്നായിരുന്നു ആ മത്സരത്തിന്റെ വിധികർത്താവു കൂടിയായ ഇവരുടെ മറുപടി. സൗന്ദര്യമുള്ള അവർ കളിക്കേണ്ടതാണ് മോഹിനിയാട്ടം എന്ന പരാമർശം നൃത്തമേഖലയ്ക്കും നവോത്ഥാന കേരളത്തിനും അപമാനമാണ്. അക്കാദമിക തലത്തിലുള്ള കഴിവുകൾ പരിഗണിക്കാതെ ജാതിയും മതവുമാണ് ഇത്തരക്കാർ നോക്കുന്നതെന്നും രാമകൃഷ്ണൻ പറഞ്ഞു.
സത്യഭാമയ്ക്കെതിരെ പൊലീസിനും സാംസ്കാരിക വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. “മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാൽ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എൻറെ അഭിപ്രായത്തിൽ ആൺപിള്ളേർക്ക് മോഹിനിയാട്ടം ചേരുകയാണെങ്കിൽ തന്നെ അവർക്ക് അതുപോലെ സൗന്ദര്യം വേണം. ആൺ പിള്ളേരിൽ നല്ല സൗന്ദര്യം ഉള്ളവർ ഇല്ലേ? ഇവനെ കണ്ടാൽ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല”- എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.