സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുന്നവർ നടത്തുന്ന നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് റോബോട്ടുകളെ വിന്യസിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ജുമൈറ കടൽ തീരത്താണ് റോബോട്ട നിരീക്ഷണം ശക്തമാക്കിയത്.
വിശാലമായ ക്യാമറയും നാല് മോഷൻ സെൻസറുകളും ഉപയോഗിച്ച് സജ്ജീകരിച്ച അഞ്ചടി ഉയരമുളള റോബോട്ടുകളാണ് നിരീക്ഷണം നടത്തുക. ഹെൽമെറ്റ് ധരിക്കാത്തത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ ഓട്ടോണമസ് റോബോട്ടുകൾ കണ്ടെത്തും. അനധികൃത ഇടങ്ങളിൽ പാർക്ക് ചെയ്യുന്ന ഇ-സ്കൂട്ടറുകളും റോബോട്ടുകൾ പിടികൂടും.
നിലവിൽ85 ശതമാനം കൃത്യതയോടെ 2 കിലോമീറ്റർ വരെ നിരീക്ഷണ പരിധിയിൽ നിയമലംഘനങ്ങൾ തിരിച്ചറിയാൻ റോബോട്ടിന് കഴിയും. ചൈനീസ് റോബോട്ടിക്‌സ് ആൻഡ് ടെക്‌നിക്കൽ സിസ്റ്റം പ്രൊവൈഡർ ടെർമിനസ് സൃഷ്‌ടിച്ച റോബോട്ട് സ്വയം ഭരണാധികാരത്തോടെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ സഹായിക്കാൻ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഒപ്പമുണ്ട്.
ദുബായ് പോലീസ്, ആർടിഎ തുടങ്ങിയ അധികാരികൾക്ക് അഞ്ച് സെക്കൻഡിനുള്ളിൽ ഡാറ്റ കൈമാറാനും റോബോട്ടുകൾക്ക് കഴിയും. വിവിധ കാലാവസ്ഥകളിൽ കാര്യക്ഷമമായി പ്രവർത്തിക്കാനുമാകും. അതേസമയം ഒരു മാസത്തെ ട്രയൽ കാലയളവിൽ പിഴവ് വരുത്തുന്ന റൈഡർമാർക്ക് വാണിംഗ് ഉണ്ടാകുമെന്നും പിഴ ഈടാക്കില്ലെന്നും ആർടിഎ വ്യക്തമാക്കി.