തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. ഓരോ രാഷ്ട്രീയ പാർട്ടികളും ശക്തരായ സ്ഥാനാർഥികളെയാണ് ഓരോ മണ്ഡലങ്ങളിലും നിർത്തിയിരിക്കുന്നത്. ഇപ്പോഴിതാ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകൊണ്ട് നടൻ വിജയ് സേതുപതി നടത്തിയ പരാമർശം വൈറലാവുകയാണ്. ‘തങ്ങളുടെ ജാതിക്കും മതത്തിനും പ്രശ്നമുണ്ടെന്ന് പറഞ്ഞ് വോട്ടുചോദിക്കുന്നവർക്കൊപ്പം ഒരിക്കലും ചേരരുതെന്നാണ് വിജയ് സേതുപതി പറഞ്ഞത്. നടന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു പരിപാടിക്കിടെ അദ്ദേഹം തമിഴിൽ വിശദമായി ഇക്കാര്യം പറയുന്ന വിഡിയോയാണ് ഏറെ പങ്കുവെക്കപ്പെടുന്നത്. വീഡിയോയിൽ ഒരു രാഷ്ട്രീയ കക്ഷിയെയും പേരെടുത്ത് പറയുന്നില്ലെങ്കിലും ബി.ജെ.പിക്കെതിരെയാണ് വിജയ് സേതുപതിയുടെ വാക്കുകളെന്നത് വ്യക്തമാണെന്ന് സമൂഹ മാധ്യമങ്ങളിൽ വിഡിയോ ഷെയർ ചെയ്ത് ആളുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
വിജയ് സേതുപതിയുടെ വാക്കുകൾ
ഇന്ത്യയിലെ എന്റെ സ്നേഹമുള്ള ജനങ്ങളേ…നിങ്ങൾ സൂക്ഷിച്ച് വേണം വോട്ടുചെയ്യാൻ. ദയവായി നല്ലവണ്ണം ചിന്തിച്ച് വോട്ടുചെയ്യണം. വോട്ടുചെയ്യുകയെന്നത് പരമപ്രധാനമായ കാര്യമാണ്. നമ്മുടെ സംസ്ഥാനത്തോ ഗ്രാമത്തിലോ കോളജിലോ അല്ലെങ്കിൽ ഒരു സുഹൃത്തിനോ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതു പരിഹരിക്കാൻ രംഗത്തിറങ്ങുന്നവരെയായിരിക്കണം എപ്പോഴും നമ്മൾ സഹായിക്കേണ്ടത്. നമ്മുടെ ജാതിക്കും മതത്തിനും പ്രശ്നമുണ്ടെന്ന് പറഞ്ഞ് വോട്ടു ചോദിക്കുന്നവരോടൊപ്പം ഒരിക്കലും ചേരരുത്. അങ്ങനെ പറയുന്നവരൊക്കെ നമ്മളെ കുഴപ്പങ്ങളുണ്ടാക്കാൻ പ്രേരിപ്പിച്ച് ഇളക്കിവിട്ടശേഷം അവരുടെ വീട്ടിൽ പൊലീസ് സംരക്ഷണയിൽ സുരക്ഷിതമായി കഴിയുന്നവരായിരിക്കും. നമ്മളായിരിക്കും പിന്നീട് കുഴപ്പത്തിലാവുക. ഇത് എല്ലാവരും മനസ്സിലാക്കി വേണം വോട്ട് ചെയ്യാൻ’ -വലിയൊരു സദസ്സിനെ അഭിമുഖീകരിച്ച് വിജയ് സേതുപതി നടത്തിയ പ്രസംഗം നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിക്കപ്പട്ടത്.