പുണ്യ റമദാനിൽ വിശക്കുന്നവരുടെ വയറ് നിറയ്ക്കാൻ ഒമാൻ. ‘മെയ്ഡ് ഇൻ ഒമാൻ’ റമദാൻ പാർസൽ ക്യാമ്പയിനിന്റെ ആറാമത് പതിപ്പിന് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒസിസിഐ) തുടക്കമായി. ഒമാനി പ്രൊഡക്ട് പ്രമോഷൻ കമ്മിറ്റി (ഒപെക്സ്) മുഖേനയുള്ള ക്യാമ്പയിനിൽ കുടുംബങ്ങൾക്ക് 15,000 ഭക്ഷണപെട്ടികൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഒമാനി ഉൽപന്നങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുകയും പ്രാദേശിക വിപണികളിൽ ഗുണനിലവാരത്തിൽ അവയുടെ പ്രശസ്തി വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഒസിസിഐ ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് നേതൃത്വം നൽകുന്ന ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ വൈവിധ്യമാർന്ന ഒമാനി ഉൽപന്നങ്ങൾ ഉൾക്കൊള്ളുന്ന നിരവധി പാക്കേജുകൾ കൂട്ടിച്ചേർക്കാനും അധികൃതർ ഉദ്ദേശിക്കുന്നുണ്ട്. അതേസമയം, സ്വദേശി ഉൽപന്നങ്ങളോടുള്ള വിലമതിപ്പും അവബോധവും ഉയർത്താനും അതുവഴി പ്രാദേശികമായി നിർമിച്ച ചരക്കുകളോടുള്ള മുൻഗണന വളർത്താനും ക്യാമ്പയിൻ ശ്രമിക്കുന്നുണ്ട്.