ഗതാഗതക്കുരുക്കിലകപ്പെട്ട കാർ ഉപേക്ഷിച്ച് അടിയന്തര ശസ്ത്രക്രിയ നടത്താനായി മൂന്ന് കിലോമീറ്റർ ഓടി ആശുപത്രിയിലെത്തിയ ഡോക്ടർ മാധ്യമശ്രദ്ധ നേടുന്നു. സർജാപുര റോഡ് മണിപ്പാൽ ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ.ഗോവിന്ദ് നന്ദകുമാറാണ് ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെ ഓടിത്തോൽപിച്ച് താരമായിരിക്കുന്നത്.
പിത്താശയ രോഗം മൂലം കഠിന വേദനയിലുള്ള രോഗിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഡോക്ടറുമായി ഡ്രൈവർ ഓടിച്ച കാർ സർജാപുര– മാറത്തഹള്ളി റോഡിൽ എത്തിയപ്പോൾ ട്രാഫിക്കിൽ കുടുങ്ങി. ആശുപത്രിയിലേക്ക് 10 മിനിറ്റ് കൂടി വാഹനമോടിക്കാനുണ്ടായിരുന്നു. എന്നാൽ ഇഴഞ്ഞിഴഞ്ഞ് ഈ ദൂരം പിന്നിടാൻ 45 മിനിറ്റെങ്കിലും വേണ്ടിവരുമെന്നു മനസ്സിലായതോടെ ഡോക്ടർ കാറിൽ നിന്നിറങ്ങി ഓടി. ദിവസവും വ്യായാമം ചെയ്യുന്നതിനാൽ പ്രയാസമൊന്നും തോന്നിയില്ലെന്നാണ് ഡോക്ടർ പറയുന്നത്. ആംബുലൻസുകൾക്കുപോലും കടന്നുപോകാൻ കഴിയാത്ത തരത്തിലുള്ള ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ അത്യാഹിതങ്ങൾ ഉണ്ടാകുമെന്നും ഡോക്ടർ മാധ്യമങ്ങളോടു പറഞ്ഞു.
ശസ്ത്രക്രിയ നടത്തിയ രോഗി സുഖം പ്രാപിച്ചിട്ടുണ്ട്. ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് ബെംഗളൂരുവിൽ മരണം സംഭവിച്ച സാഹചര്യവുമുണ്ട്. കഴിഞ്ഞദിവസത്തെ മഴയും വെള്ളക്കെട്ടും റോഡിലെ കുഴികളും കൂടിയായതോടെ നഗരത്തിൽ ഗതാഗതം കൂടുതൽ തടസപ്പെട്ട നിലയിലാണ്.