പുണ്യ റമദാൻ മാസത്തിൽ രാജ്യത്തെ ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികൾക്ക് ഇഫ്താർ വിരുന്നൊരുക്കി യുഎഇ പ്രസിഡന്റ് ഷൈയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. അബൂദാബിയിലെ ഖസർ അൽ വതൻ കൊട്ടാരത്തിൽ നടന്ന വിരുന്നിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി, ഫുജൈറ ഭരണാധികാരി ഷൈയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, റാസൽഖൈമ ഭരണാധികാരി ഷൈയ്ഖ് സഊദ് ബിൻ സഖർ അൽ ഖാസിമി എന്നിവർ പങ്കെടുത്തു.
രാജ്യത്തിനും ജനങ്ങൾക്കും ക്ഷേമവും അഭിവൃദ്ധിയും സുരക്ഷയും സ്ഥിരതയും ഉണ്ടാവട്ടെയെന്ന് ഷെയ്ഖ് മുഹമ്മദ് ആശംസിക്കുകയും പ്രാർഥിച്ചു. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളായ എന്റെ സഹോദരങ്ങൾക്ക് റമദാൻ വിരുന്നൊരുക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. യുഎഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ്, സഹിഷ്ണുത-സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്, അബൂദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ്, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഉമ്മുൽ ഖുവൈൻ കിരീടാവകാശി ഷെയ്ഖ് റാശിദ് ബിൻ സഊദ് അൽ മുല്ല തുടങ്ങിയവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.