ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഉറക്കമൊഴിച്ച് വാഹനമോടിക്കരുത് എന്ന കാര്യം. അത് പുതിയ അറിവൊന്നും അല്ല. എങ്കിലും തളർച്ചയോ മയക്കമോ അനുഭവപ്പെടുമ്പോൾ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്ന് ആവർത്തിച്ച് പറയുകയാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പ്രത്യേകിച്ചും വിശുദ്ധ റമദാൻ മാസത്തിൽ, ഭക്ഷണ, ഉറക്ക ശീലങ്ങളിലെ മാറ്റം കാരണം വാഹനമോടിക്കുമ്പോൾ ശ്രദ്ധ കുറയുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
ഈ പുണ്യമാസത്തിലെ വ്രതാനുഷ്ഠാനത്തിൽ നിന്നുള്ള ശാരീരിക മാറ്റങ്ങൾ കാരണം ചില ഡ്രൈവർമാരുടെ ഏകാഗ്രത കുറയുന്ന പ്രവണത അടിസ്ഥാനമാക്കിയാണ് ഈ നിർദ്ദേശമെന്ന് അതോറിറ്റി പറയുന്നു.
ദുബായുടെ ട്രാഫിക് സുരക്ഷ ലക്ഷ്യമിട്ട് റമദാനിലുടനീളം ആർടിഎ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയവുമായും ദുബായിലെ മറ്റ് ട്രാഫിക് സുരക്ഷാ പങ്കാളികളുമായും സഹകരിച്ച് റമദാൻ മാസത്തിനായുള്ള നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ആർടിഎ അംഗീകാരം നൽകി. ദുബായ് ടാക്സി, പബ്ലിക് ബസ് ഡ്രൈവർമാർ, ട്രക്ക് ഡ്രൈവർമാർ, മറ്റ് റോഡ് ഉപയോക്താക്കൾ തുടങ്ങിയവർക്ക് വിതരണം ചെയ്യുന്ന ഇഫ്താർ ഭക്ഷണത്തോടൊപ്പം ആയിരക്കണക്കിന് ബോധവൽക്കരണ ലഘുലേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്.