ദുബായ് വേൾഡ് ട്രേഡ് സെന്റർ സന്ദർശിച്ചവരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ വർഷം 24.7 ലക്ഷം സന്ദർശകരാണ് വേൾഡ് ട്രേഡ് സെന്ററിലേയ്ക്ക് എത്തിയത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
2022-നേക്കാൾ 23 ശതമാനത്തിലധികം പരിപാടികളാണ് വേൾഡ് ട്രേഡ് സെൻ്ററിൽ 2023ൽ സംഘടിപ്പിച്ചത്. മീറ്റിങ്ങുകൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ, ബിസിനസ് കൺസ്യൂമർ ഇവന്റ്സ് എന്നിങ്ങനെ 301 പരിപാടികൾക്കാണ് സെന്റർ സാക്ഷ്യം വഹിച്ചത്. ഇതിൽ എക്സിബിഷനുകൾ, അന്താരാഷ്ട്ര അസോസിയേഷൻ കോൺഫറൻസുകൾ, ഇൻഡസ്ട്രി കോൺഫറൻസുകൾ എന്നിവ മാത്രം സന്ദർശിക്കാൻ 15.6 ലക്ഷം പേരാണ് എത്തിയതെന്നാണ് റിപ്പോർട്ട്.
35 വിനോദപരിപാടികളാണ് വേൾഡ് ട്രേഡ് സെന്ററിൽ കഴിഞ്ഞ വർഷം സംഘടിപ്പിച്ചത്. ഇവ ആസ്വദിക്കുന്നതിനായി 8,50,000 സന്ദർശകർ ഇവിടേയ്ക്ക് എത്തുകയും ചെയ്തു. കഴിഞ്ഞ വർഷം ദുബായിലെ ബിസിനസ്, വ്യാപാര മേഖലകളിലെല്ലാം അസാധാരണമായ വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് ദുബായ് വേൾഡ് ട്രേഡ് സെൻ്റർ അതോറിറ്റി ഡയറക്ടർ ജനറൽ ഹെലാൽ സയീദ് അൽ മർറി വ്യക്തമാക്കി. ഈ വർഷം സഞ്ചാരികളുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.