എമിറാത്തിയിലെ പ്രമുഖ വ്യവസായിയും സയീദ് ആന്റ് മുഹമ്മദ് അൽ നബൂദ ഗ്രൂപ്പ് ചെയർമാനുമായ സയീദ് ജുമാ അൽ നബൂദ അന്തരിച്ചു. ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ മുൻ ചെയർമാനായിരുന്ന അദ്ദേഹം എൺപതുകളിലും തൊണ്ണൂറുകളിലും (1982 മുതൽ 1997 വരെ) ബിസിനസ്സ് രംഗത്ത് ഗണ്യമായ സംഭാവന നൽകി.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ച വ്യവസായിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. “എമിറേറ്റ്സിലെ ബിസിനസ്സിൻ്റെ പയനിയർ” എന്നാണ് ദുബായ് ഭരണാധികാരി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ദുബായ് കിരീടാവകാശി ഹംദാൻ ബിൻ മുഹമ്മദും കുടുംബത്തെ അനുശോചനം അറിയിച്ചു. ഷെയ്ഖ് റാഷിദുമായി അടുപ്പം സൂക്ഷിച്ച ബിസിനസ്സ് വ്യക്തിത്വമായിരുന്നു സയീദ് ജുമാ അൽ നബൂദ. 1972 മുതൽ 1978 വരെ ഫെഡറൽ നാഷണൽ കൗൺസിലിൻ്റെ ഉദ്ഘാടന, രണ്ടാം സെഷനുകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം സ്ഥാപന പ്രവർത്തനങ്ങളിൽ സജീവ പങ്ക് വഹിച്ചിരുന്നു.