അബുദാബി പ്രോജക്ട്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെൻ്റർ 2024 വർഷത്തിൽ നടപ്പാക്കുന്നത് 66 ബില്യൺ ദിർഹത്തിനുള്ള (17.97 ബില്യൺ ഡോളർ) വികസനത്തിനുള്ള പദ്ധതികൾ. പാർപ്പിടം, ജീവിതനിലവാരം, വിദ്യാഭ്യാസം, മനുഷ്യ മൂലധനം, ടൂറിസം, പ്രകൃതിവിഭവങ്ങൾ എന്നീ വിവിധ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.
പദ്ധതികൾക്ക് അബുദാബി എക്സിക്യുട്ടീവ് കൗൺസിലിൻ്റെ അംഗീകാരം ലഭിച്ചു. എമിറേറ്റിൻ്റെ സമ്പദ്വ്യവസ്ഥ, വ്യാപാരം, വികസനം, സുസ്ഥിരത എന്നിവയിൽ സുപ്രധാനമായ മാറ്റം വരുത്തുന്നതിനുള്ള ശ്രദ്ധാപൂർവം ആസൂത്രണം ചെയ്ത തന്ത്രപരമായ സംരംഭത്തിൻ്റെ ഭാഗമാണ് എമിറേറ്റിൻ്റെ വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 144 പദ്ധതികൾ.
അബുദാബി എമിറേറ്റിലുടനീളം വിവിധ പാർപ്പിടങ്ങൾക്കും പൊതു സൗകര്യങ്ങൾക്കുമായി 59 ബില്യൺ ദിർഹം (16.06 ബില്യൺ ഡോളർ) നീക്കിവച്ചു.
ഭവന നിർമ്മാണ മേഖലയ്ക്ക് പുറമേ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മനുഷ്യ മൂലധനം എന്നിവയ്ക്കായി ഏകദേശം 4 ബില്യൺ ദിർഹം (ഏകദേശം 1.1 ബില്യൺ ഡോളർ) നീക്കിവയ്ക്കാൻ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു.കൂടാതെ, എമിറേറ്റിലുടനീളം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി മറ്റൊരു 1.1 ബില്യൺ ദിർഹം മാറ്റിവച്ചു. അവസാനമായി, എമിറേറ്റിൻ്റെ പ്രകൃതിവിഭവങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾക്കായി 50 ദശലക്ഷം ദിർഹം അനുവദിച്ചു.