ഒറ്റരാത്രികൊണ്ട് തോരാതെ പെയ്ത മഴയിൽ കുതിർന്ന് നിൽക്കുകയാണ് യുഎഇ. രാജ്യത്ത് ഇന്നും മഴയും ഇടിമിന്നലും തുടരുമെന്നാണ് വിലയിരുത്തൽ. അതിനാൽ രാജ്യത്തിന്റെ പലഭാഗങ്ങളിൽ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചുകഴിഞ്ഞു. യുഎഇയിലുടനീളം പ്രക്ഷുബ്ധമായ കാലാവസ്ഥയായതിനാൽ ജനങ്ങൾ ഇന്നും ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.
ശക്തമായ മഴയിൽ ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെ വെള്ളം നിറഞ്ഞതോടെ അധികൃതർ റോഡുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ അവിടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ദുരന്ത നിവാരണ അധികൃതരുമെത്തി. ഇന്നും രാജ്യത്ത് മഴയുടെ മുന്നറിയിപ്പുള്ളതിനാൽ ജനങ്ങളുടെ സുരക്ഷയ്ക്കായി വിവിധ സേനകളെ അധികൃതർ രാജ്യത്തിന്റെ പല ഭഗങ്ങളിലും വിന്യസിപ്പിച്ചിട്ടുണ്ട്. പ്രതികൂലമായ കാലാവസ്ഥയേത്തുടർന്ന് ഇന്ന് ഷാർജയിൽ മെഡിക്കൽ ഫിറ്റ്നസ് സെൻ്ററുകൾ അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.
പകൽ സമയത്ത് രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. ചില പ്രദേശങ്ങളിൽ മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും അറിയിപ്പുണ്ട്. ഇന്ന് അബുദാബിയിലും ദുബായിലും താപനില യഥാക്രമം 27 ഡിഗ്രി സെൽഷ്യസും 26 ഡിഗ്രി സെൽഷ്യസും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ രാവിലെയും തീരപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും മൂടൽമഞ്ഞും ഈർപ്പമുള്ള കാലാവസ്ഥയും തുടരും. കൂടാതെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ കാലയളവിൽ അറബിക്കടലിലും ഒമാൻ കടലിലും നേരിയ തോതിൽ കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.