സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഒരു റമദാൻ കാലം കൂടി വരവായി. പുണ്യ റമദാനിന് മുന്നോടിയായി ദുബായിൽ ‘റമദാൻ ഇൻ ദുബായ്’ കാമ്പയിന് തുടക്കം കുറിച്ചു. എമിറേറ്റിലുടനീളം റമദാന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിൻ ആരംഭിച്ചത്.
ദുബായ് രണ്ടാം ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരമാണ് കാമ്പയിൻ സംഘടിപ്പിച്ചത്. യുഎഇയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും പങ്കുവെക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് ഇത്തരമൊരു കാമ്പയിന് രൂപം നൽകിയത്. പൊതു, സ്വകാര്യ സംഘടനകളുടെ പങ്കാളിത്തത്തോടെ നടത്തുന്ന കാമ്പയിൻ റമദാൻ അനുഭവങ്ങൾ അവിസ്മരണീയമാക്കുന്നതിനുള്ള വേദി കൂടിയാണ്.
ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.), സാമ്പത്തിക വിനോദസഞ്ചാര വകുപ്പ് (ഡി.ഇ.ടി.), എമ്മാർ, ദുബായ് മുനിസിപ്പാലിറ്റി, മാജിദ് അൽ ഫുത്തൈം ഗ്രൂപ്പ്, സാമൂഹിക വികസന അതോറിറ്റി, ദുബായ് ഹോൾഡിങ്, നഖീൽ, ദുബായ് പോലീസ്, ഗ്ലോബൽ വില്ലേജ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.