കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ”തങ്കമണി” : കാത്തിരിപ്പ് വെറുതെ ആയില്ലെന്ന് പ്രേക്ഷകർ

Date:

Share post:

കേരള സർക്കാരിനെ തന്നെ പിടിച്ചു കുലുക്കിയ സംഭവത്തെ കുറിച്ച് രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനംചെയ്ത ചിത്രമാണ് തങ്കമണി. തങ്കമണി തിയേറ്ററിലേക്ക് എത്തിയിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ 1986 ൽ ഇടുക്കി ജില്ലയിലെ തങ്കമണിയിൽ നടന്ന പൊലീസ് നരനായാട്ട് ആണ് ചിത്രത്തിൻറെ പ്രമേയം. ഉടൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് രഘുനന്ദൻ. രതീഷിൻറേത് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും.

കേരളം കണ്ട ഏറ്റവും വലിയ പോലീസ് ക്രൂരതകളിലൊന്നായിരുന്നു തങ്കമണി സംഭവം. കട്ടപ്പന- തങ്കമണി റൂട്ടിൽ ഓടിയിരുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാർക്കും തങ്കമണിക്കാരായ കോളെജ് വിദ്യാർഥികൾക്കുമിടയിൽ ആരംഭിച്ച തർക്കവും സംഘർഷവും എങ്ങനെയാണ് ഒരു നാടും പൊലീസ് സംവിധാനവും തമ്മിലുള്ള സംഘർഷമായി മാറിയതെന്ന് ചിത്രം കാണിക്കുന്നു. ദിലീപാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എൺപതുകളിലെ ഇടുക്കിയെല്ലാം അങ്ങനെത്തന്നെ വരച്ച് വെച്ചിട്ടുണ്ടെന്ന് ചിത്രം കണ്ടവർ അഭിപ്രായപ്പെടുന്നത്. ദിലീപിന്റെ ടോപ് ക്ലാസ്സ്‌ പെർഫോമൻസ് ചിത്രത്തിൽ കാണാൻ കഴിയുമെന്നും പ്രേക്ഷകർ പറയുന്നു.

തങ്കമണിയിലെ ആബേൽ ജോഷ്വ മാത്തൻ

ആബേൽ ജോഷ്വ മാത്തൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സംഘർഷങ്ങളിലൊന്നും ഉൾപ്പെടാതെ, എന്നാൽ പൊലീസ് നടപടികളിൽ ഇരകളാക്കപ്പെട്ടവരുടെ പ്രതിനിധിയാണ് ഈ കഥാപാത്രം. ആബേൽ ജോഷ്വാ മാത്തൻ എന്ന കഥാപാത്രമായി രണ്ട് ലുക്കിലാണ് ദിലീപ് എത്തുന്നത്. ഗൾഫിൽ നിന്ന് ലീവിൽ നാട്ടിലെത്തി ഒരു മാസം കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം സന്തോഷകരമായി സമയം ചെലവിടാൻ വിചാരിച്ചെത്തുന്ന ആബേലിന് നേരിടേണ്ട വന്ന അപ്രതീക്ഷിതമായ സംഭവമാണ് സിനിമയിൽ വരച്ചുകാട്ടുന്നത്. മുൻപ് ദിലീപ് അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് തങ്കമണിയിലെ ആബേൽ ജോഷ്വ മാത്തൻ.

അർപ്പിത ഐ.പി.എസ് എന്ന പോലീസ് ഉദ്യോ​ഗസ്ഥയായി പ്രണിതാ സുഭാഷ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. അനിതയായി നീതാ പിള്ളയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജോൺ വിജയ്, സമ്പത്ത് റാം, മനോജ് കെ ജയൻ, കോട്ടയം രമേഷ്, ജെയിംസ് ഏലിയാ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സിദ്ദിഖ്, അജ്മൽ അമീർ, മാളവികാ മോഹൻ തുടങ്ങിയവരും സിനിമയിൽ ​ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

മനു ജഗത് ആണ് ചിത്രത്തിൻറെ കലാസംവിധാനം. എൺപതുകളിലെ ഹൈറേഞ്ചിലേക്ക് പ്രേക്ഷകരെ വിശ്വസനീയമായി എത്തിക്കുന്നതിൽ സംവിധായകനെ ഏറ്റവും സഹായിച്ചിട്ടുള്ളത് മനു ജഗത് ആണ്. മനോജ് പിള്ളയാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ഹൈറേഞ്ചിൽ ഒരു പഴയ കാലത്ത് നടന്ന യഥാർഥ സംഭവകഥയെ ബിഗ് സ്ക്രീനിൽ വിശ്വസനീയമാക്കിയതിൽ എടുത്തുപറയേണ്ട പേരാണ് മനോജ് പിള്ളയുടേത്. വില്യം ഫ്രാൻസിസിൻറെ സംഗീതം ചിത്രത്തിൻറെ സവിശേഷമായ മൂഡ് ഉടനീളം നിലനിർത്താൻ സംവിധായകനെ ഏറെ സഹായിച്ചിട്ടുണ്ട്. ശ്യാം ശശിധരനാണ് ചിത്രത്തിൻറെ എഡിറ്റിംഗ്.

തങ്കമണിയിലെ ചരിത്രം

1980-കളിൽ തങ്കമണിയിൽ ബസ് റൂട്ടുമായി ബന്ധപ്പെട്ട് നടന്ന ചെറിയൊരു തർക്കം നടന്നു. കട്ടപ്പനയിൽനിന്നും തങ്കമണിയിലേക്ക് സർവീസ് നടത്തുന്ന മിക്ക ബസുകളും, പാറമട എന്ന സ്ഥലം കഴിയുമ്പോൾ ആളുകളെ ഇറക്കിവിടും. എന്നാൽ ബസ്സുകാർ തങ്കമണി വരെയുള്ള പണം വാങ്ങുകയും ചെയ്യും. ഇത് ഒരു വിദ്യാർത്ഥി ചോദ്യംചെയ്തതായിരുന്നു തർക്കത്തിന്റെ മൂല കാരണം.

വിദ്യാർത്ഥിക്ക് മർദനമേറ്റതോടെ പ്രതിഷേധവുമായെത്തിയ നാട്ടുകാർ പിറ്റേന്ന് ബസ് പിടിച്ചെടുക്കുകയും തങ്കമണിയിലേക്ക് സർവീസ് നടത്തുകയും ചെയ്തു. ബസിലെ തൊഴിലാളികൾ ചെയ്ത പ്രവർത്തിക്കു മാപ്പു പറയണമെന്ന ജനങ്ങളുടെ ആവശ്യം നിരാകരിച്ച ബസ് ഉടമയായ ദേവസ്യ, കട്ടപ്പനയിൽ നിന്ന്‌ പോലീസുമായെത്തി ബസ്‌ കൊണ്ടുപോകാൻ ശ്രമിച്ചു. പരിസരത്ത് എത്തിയ പോലീസിന്റെ ഇടപെടൽ നാട്ടുകാരെ രോഷാകുലരാക്കി. പോലീസ്‌ ജനക്കൂട്ടത്തിനുനേരെ ലാത്തിവീശിയപ്പോൾ ജനങ്ങൾ പോലീസിനു നേരെ കല്ലെറിഞ്ഞു. തങ്കമണിയിൽനിന്നും കാമാക്ഷിയിലേയ്ക്കുള്ള മോശമായ വഴിയിലൂടെ ജീപ്പിൽ രക്ഷപെടാൻ ശ്രമിച്ച പോലീസിനെ നാട്ടുകാർ പിന്തുടർന്ന് കല്ലെറിഞ്ഞു. ഇത് പോലീസുകാരിൽ വൈരാഗ്യം ഉണ്ടാവാൻ കാരണമായി.

അന്ന് പീരുമേട് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഐ. സി തമ്പാന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പിറ്റേ ദിവസം സർവ സന്നാഹങ്ങളുമായി വരികയും ചെയ്തു. ഈ സമയം ഫാ. ജോസ് കോട്ടൂരും കാമാക്ഷി ഗ്രാമപഞ്ചായത്ത്‌ പ്രസിഡെന്റ് മാത്യു മത്തായി തേക്കമലയും പഞ്ചായത്ത് ഓഫീസിൽ ചർച്ചയിലായിരുന്നു. പിന്നീടവർ ഐ. സി. തമ്പാനുമായി സംസാരിക്കുകയും പ്രശ്നം രമ്യമായി പരിഹരിക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഇതിൽ കുപിതനായ തമ്പാൻ യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങൾക്കുനേരേ നിഷ്ഠുരമായി വെടിവയ്ക്കാൻ കൽപ്പിക്കുകയായിരുന്നു . വെടിവയ്‌പ്പിൽ കോഴിമല അവറാച്ചൻ എന്നയാൾ തൽക്ഷണം മരണമടഞ്ഞു. ഉടുമ്പയ്‌ക്കൽ മാത്യു എന്നയാൾക്ക് ഇരു കാലുകളും നഷ്ടപ്പെട്ടു. ഫാ. ജോസ് കോട്ടൂരിന്റെ നേതൃത്വത്തിൽ തടിച്ചുകൂടിയ ജനം രാത്രി എട്ടരയോടെ പിരിഞ്ഞുകഴിഞ്ഞപ്പോൾ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ നിന്ന്‌ നിരവധി വാഹനങ്ങളിൽ പോലീസ്‌ തങ്കമണിയിൽ വന്നിറങ്ങി. അവർ വിവിധ സംഘങ്ങളായി തിരിഞ്ഞ്‌ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ കയറുകയും ചില വീടുകളുടെ വാതിലുകൾ ചവിട്ടിത്തുറക്കുകയും ചെയ്തു.

1987ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു തങ്കമണി സംഭവം നടന്നത്. തങ്കമണി സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചതായി അന്ന് സർക്കാർ സമ്മതിച്ചിരുന്നു. ഈ വിഷയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം സർക്കാരിനെതിരെയുള്ള ആയുധമാക്കി. അന്ന് യുഡിഎഫിന് വേണ്ടി പ്രചാരണത്തിനായി പ്രധാനമന്ത്രി രാജീവ് ഗാന്ധി അടക്കമുള്ളവർ കേരളത്തിലെത്തിയിരുന്നു. എന്നാൽ ആ പ്രചാരണങ്ങൾക്കൊന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. ഫലം വന്നപ്പോൾ, സർക്കാർ നിലം പൊത്തി. അന്നത്തെ യുഡിഎഫ് സർക്കാരിനെ താഴെയിടാൻ പ്രതിപക്ഷം തങ്കമണി സംഭവത്തെ എങ്ങനെ ഉപയോ​ഗിച്ചു എന്നും ചിത്രം കാട്ടിത്തരുന്നുണ്ട്.

ജൂലി ശ്രീനി
ജൂലി ശ്രീനി
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...