കഴിഞ്ഞ ദിവസങ്ങളിൽ ബിൽ ഗേറ്റ്സ് ചായ കുടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘എവിടെ തിരിഞ്ഞാലും പുതുമ കാണാം, അതിപ്പോ ഒരു ചായ ഉണ്ടാക്കുന്നതിൽ പോലും’ എന്ന കുറിപ്പിനൊപ്പമായിരുന്നു ബിൽ ഗേറ്റ്സ് വിഡിയോ പങ്കുവച്ചിരുന്നത്. നോക്കുമ്പോൾ ഒരു സാധാരണ വീഡിയോ തന്നെ, എന്നാൽ വീഡിയോയിലെ രസകരമായ സംഭവം മറ്റൊന്നായിരുന്നു.
‘ഡോളി ചായവാല’യുടെ കയ്യിൽ നിന്ന് ചായ വാങ്ങി കുടിച്ചത് സാക്ഷാൽ ബിൽ ഗേറ്റ്സ്. എന്നാൽ ഈ ഡോളി ചായവാലയ്ക്ക് ഇതാരാണ് എന്നുപോലും അറിയില്ലായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്സ് ഒരു സായിപ്പെന്നാണ് ഈ ഡോളി ചായ വാല കരുതിയത്. നാഗ്പൂരിലെ രവീന്ദ്ര ടാഗോർ സിവിൽ ലൈൻ ഏരിയയിലെ പ്രശസ്തനായ ചായ വിൽപനക്കാരനാണ് ഇദ്ദേഹം. വ്യത്യസ്തമായ ശൈലിയിലുള്ള വസ്ത്ര ധാരണവും ചായ തയാറാക്കലുമാണ് ഡോളിയെ വൈറലാക്കിയത്.
ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ബിൽ ഗേറ്റ്സ് ഡോളി ചായ്വാല ഷോപ്പിൽ ‘വൺ ടീ പ്ലീസ്’ എന്ന് പറഞ്ഞാണ് എത്തുന്നത്. തുടർന്ന് ബിൽഗേറ്റ്സിന് തന്റെ സ്പെഷ്യൽ ചായ നൽകി, ഈ ചായ ബിൽ ഗേറ്റ്സിനും ഏറെ ഇഷ്ടപ്പെട്ടു. ബിൽ ഗേറ്റ്സ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ ആണ് പെട്ടെന്ന് തന്നെ വൈറലായത്. വിഡിയോ വൈറലായതിനു പിന്നാലെയാണ് ഇദ്ദേഹമാരാണെന്ന് തിരിച്ചറിഞ്ഞത് എന്നാണ് ഡോളി ചായവാല പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെയാണ്!!
‘ചായകുടിക്കാനെത്തിയത് ആരാണെന്നു പോലും അറിയില്ലായിരുന്നു. ഏതോ സായിപ്പ് വന്ന് ചായ കുടിച്ച് പോയി എന്നാണ് കരുതിയിരുന്നത്. എന്നാൽ നാഗ്പൂരിലേക്ക് തിരികെയെത്തിയപ്പോളാണ് വിഡിയോ വൈറലായ കാര്യവും താൻ ആർക്കാണ് ചായയുണ്ടാക്കി കൊടുത്തത് എന്ന കാര്യവും മനസ്സിലായത്. ഞങ്ങൾ തമ്മിൽ സംസാരിച്ചതു പോലുമില്ല. അദ്ദേഹം എൻറെയടുത്ത് വന്നുനിന്നു. ഞാൻ എൻറെ ജോലി ചെയ്യുന്ന തിരക്കിലായിരുന്നു. എൻറെ ചായ കുടിച്ചതിനു ശേഷം ‘വൗ, ഡോളി കി ചായ്’ എന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയത്’ എന്നാണ് ഡോളി ചായവാല പറഞ്ഞത്.
16 വർഷമായി നാഗ്പൂരിലെ സിവിൽ ലൈൻ ഏരിയയ്ക്ക് സമീപം ചായക്കട നടത്തുകയാണ് പത്താംക്ലാസ് വരെ പഠിച്ച ഡോളി ചായ് വാല. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ശൈലിയിൽ ആണ് ഡോളി ചായ്വാല ചായ വിളമ്പുന്നത്.