5ജി ഫോണുകളേക്കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ 5ജി ബൈക്കിനേക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ. ഇല്ല അല്ലേ. എങ്കിൽ അത്തരമൊരു ബൈക്കാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ 5ജി ഇലക്ട്രിക് ബൈക്ക്.
എന്താണിതിന്റെ പ്രത്യേകതയെന്നല്ലേ. ഇതുപയോഗിച്ച് റൈഡർമാർക്ക് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സുഗമമായി വീഡിയോ ചാറ്റ് ചെയ്യാൻ സാധിക്കും. അതോടൊപ്പം അപകടങ്ങൾ ഒഴിവാക്കുന്നതിനായി എതിരെ വരുന്ന വാഹനങ്ങളെക്കുറിച്ച് റൈഡറിന് വ്യക്തമായ മുന്നറിയിപ്പ് നൽകും. പൂർണ്ണമായും ഇലക്ട്രിക്കായി പ്രവർത്തിക്കുന്ന ഈ ബൈക്കിന് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. ബാഴ്‌സലോണയിൽ നടന്ന എംഡബ്ല്യുസി 2024 വേദിയിൽ വെച്ച് അമേരിക്കൻ കമ്പനിയായ ഓർബിക്കാണ് ഈ കിടിലൻ ബൈക്ക് പുറത്തിറക്കിയത്.
ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ബൈക്കിൻ്റെ പിൻഭാഗത്ത് 140-ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള സെൻസറും സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ റൈഡറുടെ ചുറ്റുപാടുകൾ തുടർച്ചയായി ക്യാമറ നിരീക്ഷിച്ച് മുന്നറിയിപ്പുകൾ നൽകിക്കൊണ്ടേയിരിക്കും. ബൈക്കിന്റെ മുൻവശത്ത് 64MP ക്യാമറയും വീഡിയോ കോളുകൾക്ക് അനുയോജ്യമായ വിധത്തിൽ മുൻവശത്ത് തന്നെ മറ്റൊരു 8MP ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. ഇതിനോടൊപ്പം മറ്റ് വാഹനവുമായുള്ള കൂട്ടിയിടികൾ ഒഴിവാക്കുന്നതിനും മുന്നിലുള്ള പ്രതിബന്ധങ്ങൾ മനസിലാക്കുന്നതിനുമായി 2MP ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്.
കൂടാതെ, 7 ഇഞ്ച് ഓൾ-വെതർ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ബാറ്ററി നില, വേഗത, ദൂരം, മാപ്പുകൾ, ട്രാക്കിംഗ് മറ്റ് വിവിധ പ്രവർത്തനങ്ങൾ എന്നിവയെല്ലാം പ്രദർശിപ്പിക്കുന്നുണ്ട്. രണ്ട് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയുന്ന ഇത് ഒരു തവണ റീച്ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ സാധിക്കും. അമേരിക്കയിൽ ഈ വർഷത്തിന്റെ രണ്ടാം പാദത്തിലും യുഎഇ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ ഈ വർഷം മൂന്നാം പാദത്തിലും ബൈക്ക് അവതരിപ്പിക്കും. വാഹനത്തിന്റെ വില ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.