സുഹാറിൽ സ്മാർട്ട് സിറ്റി ഒരുങ്ങുന്നു. പദ്ധതി സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് ഭവന, നഗരാസൂത്രണ മന്ത്രാലയം തുടക്കം കുറിച്ചു. സുഹാർ ഇൻവെസ്റ്റ്മെൻറ് ഫോറത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടന്നത്. 62,40,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലായിരിക്കും സ്മാർട്ട്സിറ്റിയൊരുക്കുക. ഇതിൽ 15 അയൽപക്കങ്ങൾ, രണ്ട് സെൻട്രൽ പാർക്കുകൾ, മ്യൂസിയം, എക്സിബിഷൻ സെൻറർ, യൂണിവേഴ്സിറ്റി, കായിക കേന്ദ്രം എന്നിവയുണ്ടാകും.
സുഹാർ വിമാനത്താവളത്തിന് സമീപവും സുഹാർ തുറമുഖത്തു നിന്ന് 30 മിനിറ്റുകൊണ്ട് എത്താവുന്ന ദൂരത്തിലുമായിരിക്കും സ്മാർട്ട് സിറ്റി. പ്രധാന റോഡുകൾക്കും എക്സ്പ്രസ് വേയ്ക്കും സമീപമാണ് സ്മാർട്ട് സിറ്റി സ്ഥിതി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. ‘5 മിനിറ്റ് സിറ്റി’ എന്ന ആശയത്തിലൂന്നിയായിരിക്കും ഈ പദ്ധതി നടപ്പാക്കുക. താമസക്കാർക്ക് അഞ്ച് മിനിറ്റ് നടന്നാൽ എല്ലാവിധ സൗകര്യങ്ങളിലേക്കും എത്തിപ്പെടാൻ കഴിയുന്ന രൂപത്തിലായിരിക്കും സ്മാർട്ട് സിറ്റിയുടെ സജ്ജീകരണം. കൂടാതെ, ബാഴ്സലോണ നഗരത്തിന് സമാനമായ ഒരു ഗ്രിഡ് രൂപകൽപനയും നഗരം നടപ്പിലാക്കുന്നുണ്ട്.
ഏകദേശം 1,000 പൂന്തോട്ടങ്ങളും ഒന്നിലധികം നഗര ബ്ലോക്കുകളും ഇതിൽ ഉൾപ്പെടുത്തും. സിറ്റിക്ക് 70,162 ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. 15,340 ഭവന യൂണിറ്റുകളാണ് ഒരുക്കുക. അതിൽ ഭൂരിഭാഗവും (66 ശതമാനം) അപ്പാർട്മെന്റുകൾ, ടൗൺ ഹൗസുകൾ (24 ശതമാനം), വില്ലകൾ (10 ശതമാനം), 4,200 വിദ്യാർഥികളുടെ താമസ യൂണിറ്റുകൾ എന്നിവയായിരിക്കും.